മകനുവേണ്ടി പവൻ കല്യാണിന്റെ ഭാര്യ തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്തു

ഹൈദരാബാദ്: നടനും ആന്ധാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഭാര്യ അന്ന ലെഷ്‌നേവ തിരുപ്പതി ക്ഷേത്രത്തിൽ എത്തി തലമുണ്ഡനം ചെയ്തു. മകൻ മാർക്ക് ശങ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് അന്ന ക്ഷേത്രത്തിലെത്തി ചടങ്ങിൽ പങ്കെടുത്തത്. അന്നയുടെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ അന്ന ക്ഷേത്രം സന്ദർശിക്കുന്നതിന് മുൻപ് ഗായത്രി സദനിൽ എത്തി പ്രവേശനവുമായി ബന്ധപ്പെട്ട അപേക്ഷയിൽ ഒപ്പിട്ടിരുന്നു.
ഏപ്രിൽ എട്ടിന് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിലാണ് മാർക്ക് ശങ്കറിന് പൊളളലേറ്റത്. അപകടത്തിൽ കുട്ടിയുടെ കൈകൾക്കും ശ്വാസകോശത്തിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ മറ്റൊരു കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മാർക്കിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയെന്നും അറിയിച്ചുകൊണ്ട് നടൻ ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. തന്റെ സഹോദരന്റെ മകന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ ചിരഞ്ജീവി എല്ലാവരോടും നന്ദിയും അറിയിച്ചിട്ടുണ്ട്. പവൻ കല്യാണിനോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു നടന്റെ പോസ്റ്റ്.