മരണത്തിൽ നിന്നും ജീവിച്ച പവിത്രൻ, മരണത്തിലേക്കുതന്നെ മടങ്ങി!

കണ്ണൂർ :ഒടുവിൽ പവിത്രൻ മരണത്തിന് കീഴടങ്ങി .മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവൻ്റെ തുടിപ്പ് കണ്ടെത്തുകയും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്ത കണ്ണൂർ കൂത്തുപറമ്പിനടുത്തുള്ള പാച്ചപ്പൊയ്കയിലെ പവിത്രൻ 27 ദിവസങ്ങൾക്ക് ശേഷം അന്തരിച്ചു. ചികിത്സ തുടരുന്നതിനിടെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 14 നാണ് എല്ലാവരേയും അമ്പരപ്പിച്ച ആ സംഭവം നടന്നത്.
ശ്വാസകോശരോഗം മൂർച്ഛിച്ചതിനെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വെന്‍റിലേറ്ററിൽ ചികിത്സയിലുമായിരുന്നു പവിത്രൻ .അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിചതിനെ തുടർന്ന് ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.വെന്‍റിലേറ്റർ മാറ്റിയാൽ പത്ത് മിനിറ്റ് മാത്രം ആയുസ്സെന്നും ഡോക്ടർമാർ വിധിച്ചിരുന്നു.
അങ്ങനെ വെന്‍റിലേറ്റർ മാറ്റി പവിത്രനുമായി ആംബുലൻസ്പു കണ്ണൂരിലേക്ക് പുറപ്പെട്ടു..വഴിയേ മിടിപ്പ് നിലച്ചെന്നും ശ്വാസമില്ലാതായെന്നും കണ്ടതോടെ പവിത്രൻ മരിച്ചെന്ന വാർത്ത നാട്ടിലെത്തി. അവിടെ സംസ്കാര സമയം വരെ തീരുമാനിച്ചു. വാർത്തയും കൊടുത്തു.പത്രങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മരണ വാർത്ത പ്രചരിച്ചു.പിറകെ ആദരാഞ്ജലികൾ …
പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിൽ വിളിച്ച് മോർച്ചറി സൗകര്യം ഏർപ്പാടാക്കി. പുലർച്ചെ മൂന്ന് മണിയോടെ ആംബുലൻസ് ആശുപത്രിയിൽ മോർച്ചറിക്ക് മുന്നിലെത്തി. നടപടികൾ പൂർത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ജയൻ ‘ മൃതശരീര ‘ ത്തിൽ ജീവനുണ്ടെന്നു തിരിച്ചറിയുന്നത് .ഉടൻ ആശുപത്രി ഐസിയു വിലേക്ക് .
തുടർന്ന് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടു . അതിനിടയിലാണ് ഇന്ന് മരണം ആകസ്മികമായി വീണ്ടും കടന്നുവന്നത്.