സമൂഹവിരുദ്ധ ആക്രമണം പ്രതികളെ പിടികൂടണമെന്ന് ആവശ്യം ശക്തം
പത്തനാപുരം : പട്ടാഴി ദേവീക്ഷേത്രക്കുളത്തിൽ സമൂഹവിരുദ്ധ ആക്രമണം. കുളിക്കടവിന്റെ ഗേറ്റ് അടിച്ചുതകർക്കുകയും കുളം സൗന്ദര്യവത്കരണത്തിനായി നാട്ടുകാർ നട്ടുവളർത്തിയ ചെടികൾ നശിപ്പിക്കുകയും ചെയ്തു. സമീപനാളിലാണു ക്ഷേത്രം നവീകരിച്ചത്. ക്ഷേത്ര ഉപദേശക സമിതിയുടെ പരാതിയെത്തുടർന്ന് കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച ഇവിടെയെത്തിയ നാട്ടുകാരാണ് കുളത്തിന്റെ ഒരുഭാഗം നശിപ്പിച്ചതു കണ്ടത്. കിഴക്കേഭാഗത്തെ കുളിക്കടവിന്റെ പൂട്ടിയിട്ടിരുന്ന ഇരുമ്പുഗേറ്റ് ഇളക്കി തുറന്നനിലയിലാണ്. ഗേറ്റ് ഉറപ്പിച്ചിരുന്ന തൂണ് അടിച്ചുതകർത്താണ് ഗേറ്റ് ഇളക്കിയത്. മതിലിന്റെ ഒരുഭാഗവും തകർന്നിട്ടുണ്ട്. കാടുവളർന്നും വശങ്ങൾ തകർന്നും നശിച്ചുകൊണ്ടിരുന്ന കുളം നാട്ടുകാരുടെ ശ്രമഫലമായാണ് ഒരുവർഷംമുൻപ് നവീകരിച്ചത്. ദേവസ്വം ബോർഡ് കുളം നവീകരണത്തിൽ താത്പര്യം കാട്ടാതിരുന്നതോടെ ഉദ്യമം നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു.
സമൂഹവിരുദ്ധരുടെ താവളമായിരുന്ന കുളവും പരിസരവും വൃത്തിയാക്കി അറ്റകുറ്റപ്പണി നടത്തി. നടപ്പാതയിൽ കൊരുപ്പുകട്ട പാകുകയും കുളിപ്പുരയും മതിലും ചായംപൂശി മനോഹരമാക്കുകയും ചെയ്തു. ചുറ്റും പൂച്ചെടികൾ നട്ടുവളർത്തി കുളത്തിനോടനുബന്ധിച്ചുള്ള കണ്ണമ്പള്ളിക്കാവും നവീകരിച്ചതോടെ കുളം സജീവശ്രദ്ധ ആകർഷിച്ചു. നടപ്പാത നാട്ടുകാർ പ്രഭാതസവാരിക്കായും ഉപയോഗിക്കുന്നു. ശ്രദ്ധയോടെ പരിപാലിച്ചുവന്ന കുളവും പരിസരവും നശിപ്പിച്ചതിനെതിരേ ഭക്തജനവികാരം ശക്തമാണ്.
