പത്തനംതിട്ട കൂട്ട ബലാൽസംഗം : ഒരാഴ്‌ചയ്‌ക്കുള്ളില്‍ അറസ്റ്റിലായത് 57 പേര്‍
പത്തനംതിട്ട : ദളിത് കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അറസ്റ്റുചെയ്തതായി പൊലീസ്. ആകെയുള്ള 60 പ്രതികളിൽ 57 പേരും അറസ്റ്റിലായതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. അറസ്റ്റിലായവരിൽ 5 പേർ പ്രായപൂർത്തി ആകാത്തവരാണ്.
ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസും തിരുവനന്തപുരത്തെ കല്ലമ്പലം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ഒരു കേസും കൂട്ടി 31 കേസുകളാണ് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുള്ളത് . പത്തനംതിട്ടയിൽ 11ഉം, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1 എന്നിവയാണ് രജിസ്റ്റര്‍ ചെയ്‌ത കേസുകൾ. ഇനി കിട്ടാനുള്ള 3 പേരിൽ രണ്ടുപേർ പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകളില്‍ പെട്ടവരാണ്.
ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ ഒരു പ്രതിയേയും പിടികൂടാനായുണ്ട്. വിദേശത്ത് കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികൾ പൊലീസ് തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്‌തമാക്കുന്നു. ഒപ്പം പഠിച്ചവരും മുതിർന്ന ക്ലാസുകളിൽ ഉള്ളവരും, സാധാരണക്കാരുമാണ് അധികവും. ഒരു സംഭവത്തിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസ് രജിസ്റ്റർചെയ്യപ്പെട്ട ആദ്യ സംഭവമാണ് പത്തനംതിട്ട കൂട്ടബലാൽസംഗം !