പത്തനംതിട്ട കൂട്ടബലാൽസംഗം : അറസ്റ്റിലായവരുടെ എണ്ണം 20
സംഭവത്തിൽ സംസ്ഥാന വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു . ദേശീയ വനിതാകമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു !
പത്തനംതിട്ട: കായികതാരമായ ദളിത് പെണ്‍കുട്ടിയെ 13ാം വയസ്സുമുതല്‍ അറുപതിലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അറസ്റ്റിലായവരില്‍ പ്ലസ് ടു വിദ്യാര്‍ഥി, സഹോദരങ്ങളായ വ്യാപാരികള്‍ ,അധ്യാപകർ ,വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് അടക്കമുള്ളവരുണ്ട്.
ഇന്നലെ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി സുബിൻ ആണ് പതിമൂന്നാം വയസ്സിൽ ആദ്യമായി പെൺകുട്ടിയെ പീഡിപ്പിച്ചത് .ഈ രംഗങ്ങൾ വീഡിയോയിൽ പകർത്തിയ ശേഷം അതുകാണിച്ചു ഭീഷണിപ്പെടുത്തി സുബിൻ്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു.
പോലീസ് ഇതുവരെ 7 FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.40 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് പോലീസിനു ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠികളും അച്ഛന്റെ സുഹൃത്തുക്കളും പ്രതികളാണ്. 5 പേരുടെ അറസ്റ്റ് ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു.
10 പേരെ ഇന്ന് രാവിലെപത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും പൊതുസ്ഥലത്തും ജില്ലയ്ക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവര്‍ത്തകരോടാണു പെണ്‍കുട്ടി പ്രശ്‌നങ്ങള്‍ ആദ്യം സൂചിപ്പിച്ചത്. ഇവര്‍ വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരായി വിവരങ്ങള്‍ കൈമാറി .
ഉന്നത പോലീസ് അധികൃതരുടെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ കേസ് അന്വേഷിച്ചുവരികയാണ് . പ്രത്യേക അന്വേഷണ സംഘവും പീഡിപ്പിച്ചവർക്ക് പിറകെയുണ്ട്.