യാത്രക്കാരുടെ പരാതി; ഹോട്ടലുകളുടെ അംഗീകരിച്ച പട്ടിക തയാറാക്കി കെഎസ്ആര്‍ടിസി

0

 

തിരുവനന്തപുരം∙  കെഎസ്ആര്‍ടിസി യാത്രയ്ക്കിടയില്‍ ബസ് നിര്‍ത്തുന്ന സ്ഥലങ്ങളിലെ വിവിധ ഹോട്ടലുകളില്‍നിന്നു ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചും സര്‍വീസിനെക്കുറിച്ചും യാത്രക്കാരില്‍നിന്നു നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഹോട്ടലുകളുടെ അംഗീകരിച്ച പട്ടിക തയാറാക്കി കെഎസ്ആര്‍ടിസി അധികൃതര്‍. പട്ടികയില്‍ ഉള്‍പ്പെടുത്താത്തതും മോശം ഗുണനിലവാരമുള്ളതുമായ ഹോട്ടലുകളില്‍ ഒരു കാരണവശാലും ബസുകള്‍ നിര്‍ത്തി ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് ഉത്തരവില്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

യാത്രക്കാരുടെ പരാതികള്‍ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി വിവിധ ഹോട്ടലുകളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചതിനു ശേഷമാണ് 24 ഹോട്ടലുകളെ തിരഞ്ഞെടുത്തത്. മുന്‍പ് ജീവനക്കാര്‍ അവര്‍ക്കു താല്‍പര്യമുള്ള ഹോട്ടലുകളിലാണ് ഭക്ഷണം കഴിക്കാനായി ബസുകള്‍ നിര്‍ത്തിയിരുന്നത്. ഇത്തരം ഹോട്ടലുകളെയും കാന്റീനുകളെയും സംബന്ധിച്ചാണ് യാത്രക്കാരുടെ ഭാഗത്തുനിന്നു പരാതി ലഭിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഹോട്ടല്‍ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും വിലനിലവാരത്തെക്കുറിച്ചും പരാതികള്‍ ലഭിച്ചിരുന്നു.

ഇതോടെയാണ് അധികൃതര്‍ വിഷയം ഗൗരവമായെടുത്ത് പഠനം നടത്തി ഹോട്ടലുകളുടെ പട്ടിക തയാറാക്കിയത്. ഇവിടെ ബസുകള്‍ നിര്‍ത്തേണ്ട സമയക്രമവും വ്യക്തമാക്കിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അംഗീകൃത ഹോട്ടലുകളുടെ വിവരം ഓരോ യൂണിറ്റിന്റെയും അധികാരി അതത് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണം. ഇതനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ക്കു പുറത്തുള്ള ഭക്ഷണശാലകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്തുന്ന സ്ഥലവും സമയവും കൃത്യമായി രേഖപ്പെടുത്തിയ ബോര്‍ഡ് ബസില്‍ ഡ്രൈവര്‍ ക്യാബിന് പിന്നിലായി നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കും.

ഇക്കാര്യങ്ങള്‍ യാത്രക്കാരെ അറിയിക്കണം. ഭക്ഷണശേഷം പുറപ്പെടുന്ന സമയം ബസില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് യാത്രക്കാരോടു പറയണം. എല്ലാ യാത്രികരും ബസില്‍ കയറി എന്ന് കണ്ടക്ടര്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമേ യാത്ര തുടരാവൂ. പ്രഭാതഭക്ഷണത്തിന് രാവിലെ 7.30 മുതല്‍ 9.30 വരെയാണ് സമയം. ഉച്ചഭക്ഷണം: 12.30 മുതല്‍ 2 മണി വരെ. ചായ: 4 മുതല്‍ 6 വരെ. രാത്രി ഭക്ഷണം 8 മുതല്‍ 11 വരെ എന്നിങ്ങനെയാണ് ബസുകള്‍ നിര്‍ത്തേണ്ട സമയക്രമം. പുതിയ നിര്‍ദേശം നടപ്പാക്കുന്നുവെന്ന് സ്‌ക്വഡ് യൂണിറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *