ഇവിഎമ്മിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് -ഒമർ അബ്ദുള്ള
ജമ്മുകാശ്മീർ: “ഒരേ ഇവിഎമ്മുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നൂറിലധികം പാർലമെൻ്റ് അംഗങ്ങളെ ലഭിക്കുകയും അതേ ഇവിഎമ്മുകൾ കാരണം ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പോകുന്നില്ല, എന്ന് കണ്ട് അതിനെ വിമർശിക്കുകയും ചെയ്യുന്നതിൽ അർത്ഥമില്ല ,ഇവിഎമ്മിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് ” ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു.ഇവിഎമ്മുകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആ പ്രശ്‌നം ഉന്നയിക്കുന്നതില്‍ സ്ഥിരത പുലർത്തണമെന്നും ഒമര്‍ വിമര്‍ശിച്ചു.
ബിജെപി വക്താവിനെപ്പോലെയാണല്ലോ സംസാരിക്കുന്നത് എന്ന ചോദ്യത്തിന്, പക്ഷപാതപരമായ വിശ്വസ്‌തതയോടെയല്ല, തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നത് എന്നായിരുന്നു ഒമര്‍ അബ്‌ദുള്ളയുടെ മറുപടി. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള പിന്തുണ തന്‍റെ സ്വതന്ത്ര ചിന്തയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു പുതിയ പാർലമെന്‍റ് മന്ദിരം നിർമ്മിക്കുന്നത് ഒരു മികച്ച ആശയമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമുക്ക് ഒരു പുതിയ പാർലമെന്‍റ് കെട്ടിടം ആവശ്യമാണ്. പഴയ കെട്ടിടം കാലഹരണപ്പെട്ടതായിരുന്നു.’ ഒമര്‍ അബ്‌ദുള്ള പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
ജമ്മു കശ്‌മീരിൽ സെപ്‌തംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ നാഷണൽ കോൺഫറൻസ് പാർട്ടിയുടെ അതൃപ്‌തി വർധിപ്പിക്കുന്നതാണ് അബ്‌ദുള്ളയുടെ പരാമർശം. പ്രചാരണ വേളയിൽ കോൺഗ്രസ് തങ്ങളുടെ കർത്തവ്യം ചെയ്‌തില്ലെന്നും ഭാരിച്ച എല്ലാ കാര്യങ്ങളും തങ്ങൾക്ക് വിട്ടുകൊടുത്തതായും എൻസി ഭാരവാഹികൾ സ്വകാര്യമായി പറഞ്ഞു. എന്നിട്ടും 90 അംഗ നിയമസഭയിൽ എൻസി 42 സീറ്റും കോൺഗ്രസിന് ആറ് സീറ്റും ലഭിച്ചു.