പുതിയ പാർലമെന്റ് മന്ദിരത്തിലും ചോർച്ച: ബിജെപിയുടെ ഡിസൈന്റെ ഭാ​ഗമാണോ എന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം

0

ഡൽഹി: പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച കണ്ടെത്തിയ സാഹചര്യത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷം ആക്രമണം ശക്തമാക്കി. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ‌ സമാജ്‍വാജി പാർട്ടിയും കോൺ​ഗ്രസും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ഇപ്പോൾ ചോരുന്നത്. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിക്കുന്നതും ഈയടുത്ത സമയത്ത് വാർത്തയായിരുന്നു.

സഭ നിർത്തിവച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് എംപി മാണിക്കം ടാ​ഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ‘ചോദ്യപേപ്പർ ചോർച്ച പുറത്ത്, വെള്ളം ചോർച്ച അകത്ത്. പ്രസിഡന്റ് ഉപയോ​ഗിക്കുന്ന ലോബിയിലെ ചോർച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരവിഷയങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്, അതും പണി കഴിഞ്ഞ് ഒരു വർഷം മാത്രമാകുമ്പോൾ’. ടാ​ഗോർ മാണിക്കം എംപി എക്സിൽ കുറിച്ചു.

ശതകോടികൾ ചെലവിട്ട് ബിജെപി പണിത മന്ദിരം ചോർന്നൊലിക്കുന്നതിൽ സമാജ്‍വാദി പാർട്ടി എംപി അഖിലേഷ് യാദവ് ബിജെപിയെ വിമർശിച്ചു. പാർലമെന്റ് നടപടികൾ പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു. ‘പഴയ പാർലമെന്റ് മന്ദിരം ഇതിലും നല്ലതായിരുന്നു, അങ്ങോട്ട് എന്തുകൊണ്ട് പൊയ്‌ക്കൂടാ. ശതകോടികൾ ചെലവിട്ട് നിർമ്മിച്ച പുതിയ പാർലമെന്റിലെ ജലചോർച്ചാ പദ്ധതി അവസാനിക്കുന്നതുവരെയെങ്കിലു അവിടെ തുടരാമല്ലോ’-. അഖിലേഷ് യാദവ് സമൂഹമാധ്യമത്തിൽ കുറിച്ചു. ബിജെപി സർക്കാർ പണിത എല്ലാ കെട്ടിടങ്ങളും ചോർന്നൊലിക്കുന്നത് അവരുടെ വളരെ മികച്ച ഡിസൈന്റെ ഭാ​ഗമാണോ എന്നാണ് പൊതുജനം ചോദിക്കുന്നതെന്നും അഖിലേഷ് പ്രതികരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *