വത്തിക്കാന്‍ സിറ്റി: അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന് മാനവരാശിയുടെ ഹൃദയം കവര്‍ന്ന, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യ യാത്രാമൊഴിയേകി ലോകം. പാപ്പയുടെ സംസ്കാര ചടങ്ങുകള്‍ക്കു വത്തിക്കാനില്‍ തുടക്കമായി. ഒന്നര മണിക്കൂറോളം നീണ്ട ദിവ്യബലിക്കു ശേഷം പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റര്‍ അകലെ, സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്കാരം.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു. ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളില്‍ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അന്തിമോപചാരമര്‍പ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അടക്കം 168 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ആരംഭിച്ചത്. രണ്ട് ലക്ഷത്തിലധികം പേര് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.