പന്തീരാങ്കാവ് കേസ്; രാഹുലിനും ഭാര്യക്കും കൗൺസിലിങ്, റിപ്പോർട്ട് കിട്ടിയിട്ട് കേസ് അവസാനിപ്പിക്കുമെന്നും കോടതി
കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെയും ഭാര്യയെയും ഹൈക്കോടതി കൗൺസിലിങ്ങിനു വിട്ടു. കൗൺസിലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇരുവർക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോടതി ഇതിനു തടസ്സം നിൽക്കില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജർമനിയിൽനിന്നു തിരിച്ചെത്തിയ രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായിരുന്നു. ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചും വിളിച്ചു ജസ്റ്റിസ് ബദറുദീൻ സംസാരിച്ചു. തന്നെ മർദിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണു പരാതി നൽകിയതെന്നും യുവതി പറഞ്ഞു. കേസ് അവസാനിപ്പിക്കാൻ നൽകിയ ഹർജി ആരുടെയെങ്കിലും നിർബന്ധത്തിലാണോ എന്നു കോടതി ചോദിച്ചു. അല്ല എന്നായിരുന്നു യുവതിയുടെ മറുപടി. യുവതിയെ മർദിച്ചോ എന്നു രാഹുലിനോടും കോടതി ആരാഞ്ഞു. തുടർന്നാണ് ഇരുവരെയും കൗൺസലിങ്ങിനു വിടാനും തുടർന്നു കേസ് നടപടികൾ അവസാനിപ്പിക്കാനും കോടതി തീരുമാനിച്ചത്.
ഇതിനിടെ, പബ്ലിക് പ്രോസിക്യൂട്ടർ കേസിന്റെ ഗുരുതര സ്വഭാവം ചൂണ്ടിക്കാട്ടി. ഇരുവരും ഒരുമിച്ചു ജീവിക്കുന്നതിനെ താൻ എതിർക്കുന്നില്ലെങ്കിലും പ്രതിയായ രാഹുൽ ചെയ്തിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കു പുറമെ രാജ്യത്തെ നിയമവ്യവസ്ഥയെ വെട്ടിച്ചു വിദേശത്തേക്കു കടന്നയാളാണു പ്രതിയെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നു സമ്മതിച്ച കോടതി, എന്നാൽ ഇരുവരും തമ്മിൽ ഒരുമിച്ചു ജീവിക്കുന്നതിനു തങ്ങൾ ഇടയ്ക്കു നിൽക്കുന്നില്ലെന്നും വ്യക്തമാക്കി. ഇരുവരും തമ്മില്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതു പരിഹരിച്ച് ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തടയുന്നതു ശരിയല്ല. ഇതിനേക്കാൾ വലിയ ആരോപണങ്ങൾ ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. എങ്കിലും പ്രോസിക്യൂട്ടർ പറഞ്ഞ കാര്യങ്ങൾ കൂടി കണക്കിലെടുത്ത് ഇരുവരെയും കൗൺസലിങ്ങിനു വിടാൻ കേരള ലീഗൽ സർവീസ് അതോറിറ്റിയേയും ചുമതലപ്പെടുത്തി. അടുത്തയാഴ്ച ഇരുവരെയും കൗൺസലിങ്ങിനു വിധേയമാക്കിയ ശേഷം 21ന് ഇതിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം. തുടർന്നു കേസ് നടപടികൾ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.