പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; എസ്എച്ച്ഒയ്‌ക്ക് സസ്‌പെന്‍ഷന്‍

0
PANTHEERAM KAV

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്‌ക്ക് സസ്‌പെന്‍ഷന്‍. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്‌ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

കൃത്യനിര്‍വഹണത്തില്‍ തുടക്കത്തിലേ എസ്എച്ച്ഒ വീഴ്ച വരുത്തിയിരുന്നു. പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ എസ്എച്ച്ഒ ഗൗരവത്തിലെടുത്തില്ലെന്നും കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും പ്രതിക്കൊപ്പം ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഒളിവില്‍പോയതിന് പിന്നാലെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതവരുത്താനായി വിമാനക്കമ്പനി അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

ഭാര്യയെ ക്രൂരമായി ആക്രമിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയുംചെയ്തെന്ന പരാതിയിലാണ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് രാഹുല്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *