പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി
പന്തീരാങ്കാവ്: ഗാർഹിക പീഡനക്കേസ് പ്രതിയായ രാഹുൽ പി ഗോപാലിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതി നിർദേശ പ്രകാരം ജാമ്യത്തിൽ വിടുകയും ചെയ്തു. കേസിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ അമ്മ ഉഷാ കുമാരിക്കും സഹോദരി കാർത്തികയ്‌ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയ ഇരുവരും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയും അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും ഇവർക്കെതിരെ അതിജീവിത ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. തുടർന്ന് കോടതി നിർദേശ പ്രകാരം ഇരുവരെയും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
അതേ സമയം കേസിലെ മുഖ്യപ്രതിയായ രാഹുലിനെ ഇതുവരെയും നാട്ടിലെത്തിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന രാഹുലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് നൽകിയെങ്കിലും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ഇയാളെ നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി തുടർന്നു കൊണ്ടിരിക്കുകയാണ്