പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പന്തീരാങ്കാവിൽ ഉണ്ടായ സംഭവം സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നും വിഷയം സംസാരിക്കേണ്ടി വരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഗവർണർ പറഞ്ഞു. മാർച്ച് 12ആം തീയതി പുലർച്ചയാണ് ഭർത്താവ് തന്നെ ആദ്യമായി മർദ്ദിച്ചത് എന്ന് പന്തീരാങ്കാവിൽ പീഡനത്തിന് ഇരയായ യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 8 പേജ് അടങ്ങുന്ന മൊഴിയാണ് ഇരയായ യുവതി പോലീസിന് നൽകിയിട്ടുള്ളത്.
തന്നെ മർദ്ദിച്ച വിവരമറിഞ്ഞിട്ടും ഭർതൃ മാതാവ് ഒന്നും തിരക്കിയില്ലെന്നും ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചതായും തന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചതായും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അതേസമയം ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരേ പ്രതി ചേർക്കുന്നതിനും ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും ആണ് പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നിലവിൽ സിംഗപ്പൂരിലേക്ക് കടന്ന കേസിലെ പ്രതി രാഹുൽ ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും നീളുന്നുണ്ട്. ഇന്റർ പോളിന്റെയും സഹായം തേടിയായിരിക്കും കേരള പോലീസ് ഇയാളെ കണ്ടെത്താൻ ശ്രമിക്കുക.