പന്തളം നഗരസഭാ ഭരണം വീണ്ടും ബിജെപി നിലനിർത്തി
പത്തനംതിട്ട: പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം ഭരണം നിലനിർത്തി. നഗരസഭ ചെയർമാനായി ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ തിരഞ്ഞെടുക്കപ്പെട്ടു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രൻ്റെ വോട്ടും ബിജെപിക്ക് ലഭിച്ചു.എൽഡിഎഫിലെ ലസിത ടീച്ചർക്ക് 9 വോട്ടുകളാണ് ലഭിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
യു രമ്യ പന്തളം നഗരസഭ വൈസ് ചെയർപേഴ്സണായി ബിജെപി കൗൺസിലർ യു രമ്യ തിരഞ്ഞെടുക്കപ്പെട്ടു. രമ്യയ്ക്ക് 19 വോട്ട് ലഭിച്ചു. എതിർസ്ഥാനാർത്ഥിയായി മത്സരിച്ച എൽഡിഎഫിലെ ശോഭനകുമാരിക്ക് 9 വോട്ടാണ് ലഭിച്ചത്. രണ്ടാം തവണയാണ് യു രമ്യ വൈസ് ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെടുന്നത്. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് മൂലം മുൻ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണും രാജിവെച്ചതിനെത്തുടർന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ബിജെപി കൗൺസിലർമാരെ ജില്ലാ നേതൃത്വം പ്രത്യേക വാഹനത്തിലാണ് എത്തിച്ചത്.