പാണ്ഡ്യയെ ക്യാപ്റ്റനാക്കാൻ താരങ്ങള്‍ക്കു താൽപര്യമില്ല

0

മുംബൈ : ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ ബിസിസിഐ തിരഞ്ഞെടുത്തതു ശക്തമായ വാദപ്രതിവാദങ്ങൾക്കു ശേഷം. ട്വന്റി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ മാറ്റിനിർത്തിയാണ് ബിസിസിഐ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കിയത്. പാണ്ഡ്യയ്ക്കു വൈസ് ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെട്ടെന്നതാണു ശ്രദ്ധേയമായ കാര്യം. യുവതാരം ശുഭ്മൻ ഗില്ലിനെയാണ് ഗൗതം ഗംഭീർ പരിശീലകനായുള്ള ആദ്യ പരമ്പരയിൽ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത്. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുമെന്ന് ഗൗതം ഗംഭീറും ചീഫ് സിലക്ടർ അജിത് അഗാർക്കറും പാണ്ഡ്യയെ നേരത്തേ തന്നെ അറിയിച്ചിരുന്നു. പാണ്ഡ്യയുടെ ഫിറ്റ്നസ് പ്രശ്നങ്ങൾ സിലക്ഷൻ കമ്മിറ്റി പരിഗണിച്ചതിനു പുറമേ മറ്റൊരു കാര്യം കൂടി ചർച്ചയായി.

പാണ്ഡ്യയുടെ കീഴിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്കു താൽപര്യം കുറവാണെന്നും ബിസിസിഐ കണ്ടെത്തി. സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കാനാണ് ടീം ക്യാംപിൽ കൂടുതൽ പേര്‍ക്കു താൽപര്യം. രണ്ടു ദിവസമായി മണിക്കൂറുകളോളം ചർച്ച നടത്തിയ ശേഷമാണ് സിലക്ഷൻ കമ്മിറ്റി പാണ്ഡ്യയെ മാറ്റുന്ന കാര്യം തീരുമാനിച്ചത്. ചൂടേറിയ ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും യോഗത്തിൽ ഉയർന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. യോഗത്തിനിടെ ബിസിസിഐയുടെ ദീർഘ കാലത്തേക്കുള്ള പദ്ധതികൾ താരങ്ങളെ ബോധിപ്പിക്കാൻ ഫോൺ കോളുകൾ വരെ നടത്തേണ്ടിവന്നു. താരങ്ങളെ കൂടെ നിർത്താനുള്ള സൂര്യകുമാര്‍ യാദവിന്റെ കഴിവിൽ സിലക്ടർമാർ തൃപ്തരാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഇഷാൻ കിഷൻ ടീം വിട്ടപ്പോൾ, താരവുമായി കൂടുതൽ ചർച്ചകൾ നടത്തിയത് സൂര്യകുമാർ യാദവായിരുന്നു.

സൂര്യകുമാർ യാദവ് രോഹിത് ശർമയെപ്പോലെയാണു താരങ്ങളുമായി ഇടപെടുന്നതെന്നും, അതിൽ സഹതാരങ്ങൾ സന്തുഷ്ടരാണെന്നുമാണു റിപ്പോർട്ട്. പരുക്കേൽക്കുന്നതിനു മുൻപ് ഏകദിന ടീമിന്റെയും വൈസ് ക്യാപ്റ്റൻ പാണ്ഡ്യയായിരുന്നു. പാണ്ഡ്യയെ ഇടയ്ക്കിടെ പരുക്കുകൾ അലട്ടുന്നതിനാലാണ് ബിസിസിഐ പുതിയ ക്യാപ്റ്റനെ തേടിയത്. 2022 ജനുവരി മുതൽ ഇന്ത്യ 79 ട്വന്റി20 മത്സരങ്ങൾ കളിച്ചതിൽ 46 എണ്ണത്തിൽ മാത്രമാണ് പാണ്ഡ്യ ഇറങ്ങിയത്. എന്നാല്‍ വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് ഇക്കാലയളവിൽ സൂര്യകുമാറിന് നഷ്ടമായത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാനില്ലെന്ന് ഹാർദിക് പാണ്ഡ്യ നേരത്തേ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു. ശുഭ്മൻ ഗില്ലാണ് ട്വന്റി20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റൻ. ബാറ്റിങ്ങിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതും യുവതാരമാണെന്നതും ശുഭ്മൻ ഗില്ലിന് സഹായമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *