പമ്പയിൽനിന്നു ഏഴ് പുതിയ ദീർഘദൂര സർവീസുകൾ
പമ്പ: ഗബരിമലയിലെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ പമ്പയിൽനിന്നു കെഎസ്ആർടിസിയുടെ ഏഴ് പുതിയ ദീർഘദൂര സർവീസുകൾ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സർവീസുമാണ് പുതിയതായി ആരംഭിച്ചത്. നിലവിൽ പമ്പ ബസ് സ്റ്റേഷനിൽ നിന്നാണ് ദീർഘദൂര സർവീസുകളുള്ളത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനോടൊപ്പം പമ്പ ബസ് സ്റ്റേഷനിൽനിന്നു സ്‌പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തീർഥാടകർക്ക് 40 പേർക്ക് മുൻ നിശ്ചയിച്ച നിരക്ക് പ്രകാരം യാത്രാ സൗകര്യം ഒരുക്കുന്ന കെഎസ്ആർടിസിയുടെ ചാർട്ടേഡ് ട്രിപ്പുകളും പമ്പ ബസ് സ്റ്റേഷനിൽനിന്ന് ഉപയോഗപ്പെടുത്താം. പമ്പ ത്രിവേണിയിൽനിന്നു പമ്പ ബസ് സ്റ്റേഷനിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ രണ്ട് ബസുകൾ സൗജന്യ സർവീസും നടത്തുന്നുണ്ട്. കെഎസ്ആർടിസി മണ്ഡല പൂജ തുടങ്ങിയത് മുതൽ ഡിസംബർ 10 വരെ പമ്പയിൽനിന്ന് 61,109 ചെയിൻ സർവീസുകളും 12,997 ദീർഘദൂര സർവീസുകളും നടത്തി.