പലസ്തീന്‍ ജനതയ്ക്ക് ലോക കേരള സഭയിൽ ഐക്യദാർഢ്യം
തിരുവനന്തപുരം: ഗാസ അധിനിവേശത്തിനെതിരേ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം ലോക കേരള സഭ അംഗീകരിച്ചു. ഇതുൾപ്പെടെ 10 പ്രമേയങ്ങൾ പാസാക്കി. 36,000ത്തോളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിക്കഴിഞ്ഞ യുദ്ധത്തിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭാംഗം റജീൻ പുക്കുത്ത് പറഞ്ഞു. പലസ്തീൻ എംബസി കൈമാറിയ കഫിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പലസ്തീൻ പതാക നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഏറ്റുവാങ്ങി.
സമഗ്രമായ കുടിയേറ്റ നിയമം പാസാക്കുന്നതിനാവശ്യമായ നിയമനിർമാണം നടത്തണമെന്ന് കുവൈറ്റ് ദുരന്ത പശ്ചാത്തലത്തിൽ കേന്ദ്ര ഗവൺമെന്‍റിനോട് ലോക കേരളസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിൽ സ്ഥലം, താമസം എന്നിവയും ഇമിഗ്രേഷൻ നിയമത്തിന്‍റെ ഭാഗമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഗാർഹിക തൊഴിലാളികളുടെ സമഗ്രമായ സുരക്ഷാ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന പ്രമേയം ഉണ്ണിമായ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു.
പ്രവാസികളുടെ തൊഴിൽ സുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ കേന്ദ്ര ഗവൺമെന്‍റ് തയാറാകണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഇ.കെ. സലാം ആവശ്യപ്പെട്ടു. ഭാഷാ പരിമിതിയെ അതിജീവിച്ച് തൊഴിൽ മേഖലയിലെത്തുന്നവർ പോലും ഇമിഗ്രേഷൻ നടപടികളിൽ കുരുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രമേയത്തിൽ നിർദേശിച്ചു