പാലക്കാട് ഉപ തെരഞ്ഞെടുപ്പ് നവംബർ 20ന്
പാലക്കാട്: 2024 നവംബർ 13ന് നടത്താൻ നിശ്ചയിച്ചിരുന്ന പാലക്കാട് ഉപ തെരഞ്ഞെടുപ്പ് നവംബർ 20 ലേയ്ക്ക്
മാറ്റി .തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്.
വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നതിൽ എതിര്‍പ്പ് അറിയിച്ച് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകിയിരുന്നു. തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. എന്നാൽ, തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്‍പി, ആര്‍എൽഡി എന്നീ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാമര്‍ശിച്ചിരിക്കുന്നത്.
തീരുമാനം സ്വാഗതാർഹമെന്നും അത് വൈകിയത് ബിജെപിക്ക് കളമൊരുക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർഥി ഡോ.പി.സരിൻ പറഞ്ഞു.