പാലക്കാട് ട്രോളി ബാഗുമായി ആഘോഷം തുടങ്ങി യുഡിഎഫ്
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങി. ട്രോളി ബാഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ രംഗത്തെത്തി.
കോൺഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിജയം കുറിയ്ക്കാൻ തുടങ്ങി. വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതി പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാഗിൽ പണം കടത്തിയെന്ന ആരോപണത്തിൽ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോൺഗ്രസ് നേതാക്കളുടെ മുറിയിലുൾപ്പെടെ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ ഒന്നു കണ്ടെത്താനായിരുന്നില്ല. പിന്നീട് നീല ട്രോളി ബാഗുമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട രാഹുൽ തൻ്റെ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.