പാലക്കാട്ട് പി.സരിൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥി; പ്രഖ്യാപനം നാളെ?
പാലക്കാട്∙ കോൺഗ്രസിൽനിന്ന് പുറത്തായ പി.സരിൻ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പി.സരിൻ അതൃപ്തിയറിയിച്ച് വാർത്താസമ്മേളനം നടത്തി സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോൺഗ്രസുമായി സരിൻ ഇടഞ്ഞത്.രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്നാണ് ഇന്നലെ സരിൻ പരസ്യമായി ആവശ്യപ്പെട്ടത്. ‘എനിക്കു ശേഷം ഇന്നയാൾ എന്ന രീതിയിൽ സ്ഥാനാർഥിത്വം തീരുമാനിക്കാൻ പാടില്ല.
ഒരാളുടെ താൽപര്യത്തിനു മാത്രമായി പാർട്ടി നിന്നുകൊടുക്കരുത്. രാഹുലാണു യോജ്യനെന്നു പാർട്ടി ബോധ്യപ്പെടുത്തിയാൽ പ്രശ്നം തീർന്നു.’ –സരിൻ വ്യക്തമാക്കി.സരിനെ മുഖവിലയ്ക്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതോടെ സരിൻ ഇന്നും വാർത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നും ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചത് വി.ഡി.സതീശനാണെന്നുമായിരുന്നു സരിന്റെ ആരോപണം.
ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് മാറി സതീശൻ കോൺഗ്രസിലെ ജനാധിപത്യം തകർത്തെന്നും വടകരയിൽ ഷാഫിയെ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും സരിൻ ആരോപിച്ചു. ഇതിനു പിന്നാലെ കോൺഗ്രസിന്റെ പ്രാഥമികാഗംത്വത്തിൽനിന്ന് സരിനെ പുറത്താക്കി. തൊട്ടുപിന്നാലെ എൽഡിഎഫിൽ ചേരുകയാണെന്ന് സരിനും പ്രഖ്യാപിച്ചു. സരിനെ സ്ഥാനാർഥിയാക്കുന്ന കാര്യം പാലക്കാട് ജില്ലാക്കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നാണ് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പ്രതികരിച്ചത്.