നിപ ബാധിതയുടെ നില ഗുരുതരം : വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

0

പാലക്കാട് : നിപ രോ​ഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ 100 പേർ പ്രാഥമിക പട്ടികയിലാണ്. ഇതിൽ 52 പേർ ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിലുൾപ്പെടുന്നവരാണ്.

നിപ ബാധിതയായ യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളിൽ ചികിത്സ നൽകിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നുണ്ട് . ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ട 5 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 4 പേരുടെ കൂടി സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരും. യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസലേഷനിൽ തുടരുകയാണ്.

ഒന്നാം തിയ്യതിയാണ് രോഗിക്ക് തീവ്രമായി രോഗ ലക്ഷണമുണ്ടായിരുന്നത്. കണ്ടെയിൻമെന്റ് സോണിലെ എല്ലാ വീടുകളും പരിശോധിക്കും. ജൂൺ 1 മുതൽ മസ്തിഷ്ക മരണം സംഭവിച്ച കേസുകൾ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് വരികയാണ്. മൃഗങ്ങൾക്ക് അസ്വഭാവിക മരണം ഉണ്ടായോ എന്നും പരിശോധിക്കും. വവ്വാലുകളുടെ സാമ്പിൾ പരിശോധനയ്ക്ക് കേന്ദ്രത്തിൻ്റെ അനുമതി തേടിയതായും ആരോഗ്യമന്ത്രി വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *