പാലക്കാട്: കോൺഗ്രസിൽ ഭിന്നത, വാർത്താസമ്മേളനം വിളിച്ച് സരിൻ; നിർണായക നീക്കവുമായി സിപിഎം
പാലക്കാട്∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ ഭിന്നതയെന്ന് സൂചന. പി.സരിൻ രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ സരിനെ സ്ഥാനാർഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരനു താൽപര്യം.എന്നാൽ ഷാഫി പറമ്പിലിന്റെയും വി.ഡി.സതീശന്റെയും പിന്തുണയാണ് രാഹുലിനു തുണയായത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിൽ സരിൻ അടക്കം പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. ഇതാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്.കോൺഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്ദാനം ചെയ്തു. ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. സരിന്റെ വാർത്താ സമ്മേളനം കഴിയട്ടെയെന്നാണ് എ.കെ. ബാലന്റെ പ്രതികരണം. സരിനെ അനുനയിപ്പിക്കാൻ കെപിസിസി നീക്കം തുടങ്ങി.