രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യം : പാലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി

പാലക്കാട്: സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തില്‍ ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് വേണ്ടിയുള്ള ആവശ്യം പാർട്ടിയ്ക്കുള്ളിലും ശക്തമാകുന്നു. പാലക്കാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യം പരസ്യമായി ഉന്നയിച്ച് രംഗത്തെത്തി. പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി വി കെ ശ്രീകൃഷ്ണന്‍, ഐഎന്‍ടിയുസി ഷൊറണൂര്‍ മണ്ഡലം സെക്രട്ടറി വിനോദ് കല്ലായി എന്നിവരാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്തെത്തിയത്.പാര്‍ട്ടിയുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ രാജി അനിവാര്യമാണെന്ന് വി കെ ശ്രീകൃഷ്ണന്‍ പ്രതികരിച്ചു.
എംഎല്‍എ സ്ഥാനം രാജിവെച്ച് അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരുന്ന രാഹുലാണ് കോണ്‍ഗ്രസിനും ഈ രാജ്യത്തിനും ആവശ്യം എന്നും ഡിസിസി ജനറല്‍ സെക്രട്ടറി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. മറ്റു പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ കാലഘട്ടത്തില്‍ സ്വീകരിച്ച നിലപാടുകള്‍ അവരുടേത് മാത്രമാണ്. ആരോപണങ്ങളുടെ ശരിതെറ്റുകള്‍ എന്തുതന്നെയായാലും നാം മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സ്വയം പരിഹാസ്യരാവരുത്. ധാര്‍മികമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ് എന്നും വി കെ ശ്രീകൃഷ്ണന്‍ വ്യക്തമാക്കുന്നു.