കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു : മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന ആദിത്യന്(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന് (21) എന്നിവക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാട്ടേക്ക് തിരിച്ചുവരികയായിരുന്നു. പല സ്ഥലങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുന്നവരുമാണ് ഈ ആറു പേരും.
കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ചു താഴെയുള്ള പാടത്തേക്കു മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നു. സുഹൃത്തുക്കളായ ഇവര്‍ അവധി ദിവസം ഒരുമിച്ചുകൂടുകയും രാത്രി റൈഡിനായി പോകാറുണ്ടെന്നും പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറിയിച്ചു.
