കോട്ടയത്ത് ഓൺലൈൻ ലോൺ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം കവർന്ന രണ്ട് യുവാക്കള്‍ അറസ്റ്റിൽ

0

 

പാലാ : ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും ഒരുലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂർ പെരുവയൽ ഭാഗത്ത് മാണിക്കപ്പറമ്പത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (21), മലപ്പുറം കൊണ്ടോട്ടി ഓമന്നൂർ ഭാഗത്ത് കുട്ടറയിൽ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (20) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പാലാ സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ മാസം തന്റെ ഫേസ്ബുക്കിൽ കണ്ട ലോൺ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും, തുടർന്ന് ഈ ആപ്ലിക്കേഷന്റെ വാട്സ്ആപ്പ് നമ്പർ മുഖാന്തരം വീട്ടമ്മയെ ബന്ധപ്പെടുകയും, വീട്ടമ്മ രണ്ടര ലക്ഷം രൂപ ലോണിന് അപേക്ഷിക്കുകയുമായിരുന്നു. അടുത്ത ദിവസം ലോൺ അനുവദിച്ചിട്ടുണ്ടെന്നും ഒ.ടി.പി നമ്പർ പറഞ്ഞു നൽകിയാല്‍ പണം അക്കൌണ്ടില്‍ വരുമെന്ന് പറഞ്ഞതനുസരിച്ച് വിശ്വസിച്ച വീട്ടമ്മ തന്റെ ഫോണിൽ വന്ന ഒ.ടി.പി നമ്പർ ഇവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

ഇതോടെ വീട്ടമ്മയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഒരു ലക്ഷത്തി പതിനെണ്ണായിരം രൂപ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കബളിപ്പിക്കപ്പെട്ടന്ന് മനസ്സിലാക്കിയ വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സൈബർ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും പണം ഇവരുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, എസ്.ഐ സാലു പി.ബി, സി.പി.ഓ മാരായ ശ്യാം ലാൽ, അരുൺകുമാർ, രഞ്ജിത്ത്. സി, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *