പിന്‍മാറിയത് ഇന്ത്യ, പോയന്‍റ് പങ്കുവെക്കാനാവില്ലെന്ന് പാകിസ്ഥാൻ

ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടു മുമ്പ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ പോയന്‍റ് പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പാക് ടീം.
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്‍റെ (WCL 2025) രണ്ടാം സീസൺ ആരംഭിച്ചപ്പോൾ തന്നെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ജൂലൈ 18 ന് പാകിസ്ഥാൻ ചാമ്പ്യന്മാരും ഇംഗ്ലണ്ട് ചാമ്പ്യന്മാരും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്‍റ് ആരംഭിച്ചത്. എന്നാൽ ജൂലൈ 20 ന്, നടക്കേണ്ടിയിരുന്ന പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ശിഖർ ധവാൻ ഉൾപ്പെടെയുള്ള ചില ഇന്ത്യൻ കളിക്കാർ പിന്മാറിയതിനാല്‍ മത്സരം സംഘാടകര്‍ റദ്ദാക്കിയിരുന്നു.
അതിനിടെ മത്സരത്തിലെ പോയിന്‍റുകളെച്ചൊല്ലി ഇരു ടീമുകളും തമ്മിൽ പുതിയൊരു തർക്കം ഉടലെടുത്തു. മത്സരത്തിന് തൊട്ടു മുമ്പ് ഇന്ത്യ പിന്‍മാറിയതിനാല്‍ പോയന്‍റ് പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പാക് ടീം. ഇന്ത്യയാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും അതിനാല്‍ പോയന്‍റ് പങ്കിടനാവില്ലെന്നുമാണ് പാക് ടീമിന്‍റെ നിലപാടെന്ന് സംഘാടകര്‍ അറിയിച്ചു.മത്സരം കളിക്കാൻ ഞങ്ങൾ വിസമ്മതിച്ചില്ല, അതിനാൽ ഞങ്ങൾക്ക് പൂർണ്ണമായി 2 പോയന്‍റുകൾക്ക് അർഹതയുണ്ടെന്ന് അവർ പറയുന്നു. ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കിയതിന്‍റെ കാരണം സംഘാടകര്‍ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിനെ (ECB) അറിയിച്ചുവെന്നും ഇന്ത്യയുമായി പോയന്‍റുകള്‍ പങ്കിടുന്നതിൽ പാകിസ്ഥാൻ ടീം അതൃപ്തരാണെന്നും അറിയിച്ചതായി എഎന്‍ഐ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യ മത്സരത്തിൽ നിന്ന് പിന്മാറിയതിനാൽ പാകിസ്ഥാന് മുഴുവൻ പോയന്‍റുകളും നൽകണമെന്നാണ് ടീമിന്‍റെ വാദം.അതേസമയം റദ്ദാക്കിയ മത്സരത്തിന്‍റെ പോയന്‍റുകൾ ഇരുടീമുകളും പങ്കിടുമോ ഇല്ലയോ എന്നത് നിലവില്‍ അനിശ്ചിതത്വത്തിലാണ്. എന്നാല്‍ സെമിയിലും ഫൈനലിലും ഇരുടീമുകളും നേർക്കുനേർ വന്നാൽ മത്സരത്തിന് എന്ത് സംഭവിക്കും എന്നതാണ് സംഘാടകരുടേയും ആരാധകരുടേയും ചോദ്യം.
ഈ സീസണിൽ ഇന്ത്യ പാകിസ്ഥാനുമായി ഒരു മത്സരവും കളിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.