ഇന്ത്യയ്ക്ക് വ്യോമാതിർത്തി നിഷേധിച്ച പാകിസ്ഥാന്1,240 കോടി നഷ്‌ട0

ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി നിഷേധിച്ച പാകിസ്ഥാന് 4.1 ബില്യൺ രൂപയുടെ (1,240 കോടി) നഷ്‌ടമുണ്ടായതായി ഔദ്യോഗിക കണക്കുകൾ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം വ്യോമാതിർത്തി അടച്ചത്. നിലവിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌ത വിമാനങ്ങൾക്ക് പാകിസ്ഥാനിൽ പൂർണമായും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഇന്ത്യയും പാകിസ്ഥാൻ വിമാനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മേയ് ഏഴിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് അനിശ്ചിത കാലത്തേക്ക് വ്യോമാതിർത്തി അടയ്‌ക്കുകയായിരുന്നു. പിന്നാലെ പാകിസ്ഥാന് 4.1 ബില്യൺ രൂപയുടെ നഷ്‌ടമുണ്ടായതായി പാകിസ്ഥാൻ വിമാനത്താവള അതോറിറ്റിയാണ് വ്യക്തമാക്കിയിട്ടുള്ളത്.ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഉണ്ടായ വരുമാനക്കുറവിൻ്റെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഒഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും പാകിസ്ഥാൻ വ്യോമാതിർത്തി തുറന്നിട്ടുണ്ട്.ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ഐസിഎഒ) നിയമങ്ങൾ പ്രകാരം ഒരു മാസത്തിൽ കൂടുതൽ വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. എന്നാല്‍ കനത്ത സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തലിലെത്തിയ ഇന്ത്യയും പാകിസ്ഥാനും മാസങ്ങളായിട്ടും പരസ്‌പരം വ്യോമാതിര്‍ത്തി തുറന്നിട്ടില്ല. 1999 ലെ കാർഗിൽ സംഘർഷത്തിലും 2019 ലെ പുൽവാമ ആക്രമണത്തിലും ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു.പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിൽ നിന്നുള്ള എല്ലാ സാധനങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതിയും ഇന്ത്യ നിരോധിച്ചിരുന്നു. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്‍റെയും താൽപ്പര്യങ്ങൾക്കനുസൃതമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) വിജ്ഞാപനത്തിൽ വ്യക്തമാക്കുകയായിരുന്നു.