പാകിസ്താനിൽ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം
ഇസ്ലാബാദ്: പാകിസ്താനിൽ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം. 16 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ആക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
നിരോധിത സംഘടനയായ തെഹ്‌രിക് താലിബാൻ പാകിസ്താൻ (ടിടിപി) ആണ് ആക്രമണത്തിൻ്റെ പിന്നിലെന്നാണ് നിഗമനം. വാഹനവ്യൂഹത്തിനുനേരെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 41 പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ അൻപത് കടന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എട്ട് സ്ത്രീകൾ കൊല്ലപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഫ്ഗാൻ അതിർത്തിയോട് ചേർന്ന് പാക് ഗോത്രവർഗ ജില്ലയായ കുറം വഴി സഞ്ചരിക്കുമ്പോഴാണ് വ്യാഴാഴ്ച വാഹനങ്ങൾ ആക്രമിക്കപ്പെട്ടതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് ദിവസങ്ങൾക്ക് മുൻപാണ് അടച്ചിട്ടിരുന്ന പാത തുറന്നുനൽകിയത്. ഈ പാതയിലൂടെ എത്തിയ വാഹനവ്യൂഹത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.