സിന്ധു നദിയിലൂടെ ഒന്നുകില്‍ വെള്ളം ഒഴുകും, അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം : പാക് മുന്‍ വിദേശ കാര്യമന്ത്രി

ഇസ്ലാമാബാദ്: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടിയില്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി മുന്‍ പാക് വിദേശകാര്യമന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ബിലാവല്‍ ഭൂട്ടോ. സിന്ധു നദിയിലൂടെ ഒന്നുകില്‍ വെള്ളം ഒഴുകും, അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്നാണ് ബിലാവല്‍ ഭൂട്ടോയുടെ മുന്നറിയിപ്പ്. ”സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകില്‍ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും,’ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് ഭൂട്ടോയുടെ പ്രസ്താവന
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ ഭീകരാക്രമണം പാകിസ്ഥാനു മേല്‍ പഴിചാരുകയാണെന്നും ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യയുടെ നടപടികള്‍ പാക് നേതാക്കളെ ഏറെ പ്രകോപിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ഭൂട്ടോയുടെ പ്രസ്താവന.