പാകിസ്ഥാൻ കനത്തനാശം : വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തു

ന്യൂഡല്‍ഹി: മെയ് 10ന് 11 പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ആക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16, ജെ-17 ഉള്‍പ്പെടെ ഒട്ടേറെ യുദ്ധവിമാനങ്ങള്‍ തകരുകയും ചെയ്തു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്‌ക്വാഡ്രണ്‍ ലീഡറും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നും സര്‍ക്കാര്‍ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനും ഡ്രോണ്‍ ആക്രമണത്തിനും മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
എഫ് -16, ജെഎഫ് -17 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരുന്ന പാകിസ്ഥാനിലെ സര്‍ഗോധ, ഭോലാരി തുടങ്ങിയ പ്രധാന ആയുധപ്പുരകളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ ആക്രമണം എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഭോലാരി വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളും ഇന്ത്യ നശിപ്പിച്ചു. ‘മെയ് 9-10 തീയതികളില്‍, പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങള്‍ ഒറ്റ ഓപ്പറേഷനിലൂടെയാണ് ആക്രമിച്ചത്. വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ഭോലാരി വ്യോമതാവളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി, അതില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫിന്റെ മരണവും പ്രധാന യുദ്ധവിമാനങ്ങളുടെ നാശവും ഉള്‍പ്പെടുന്നു,’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
മെയ് 7 ന് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 100ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മെയ് 10 ന് വെറും മൂന്ന് മണിക്കൂറിനുള്ളില്‍, നൂര്‍ ഖാന്‍, റഫീഖി, മുരിദ്, സുക്കൂര്‍, സിയാല്‍കോട്ട്, പാസ്രൂര്‍, ചുനിയന്‍, സര്‍ഗോധ, സ്‌കാര്‍ദു, ഭോലാരി, ജേക്കബാബാദ് എന്നിവയുള്‍പ്പെടെ 11 പാക് സൈനിക താവളങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ജേക്കബാബാദിലെ ഷഹബാസ് വ്യോമതാവളത്തിലും ഭോലാരി വ്യോമതാവളത്തിലും നടന്ന ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ നാശത്തിന്റെ വ്യാപ്തി വ്യക്തമായി കാണിക്കുന്നതാണ്. മെയ് 9-10 രാത്രിയില്‍, ഒരു രാജ്യം ആദ്യമായി ആണവായുധങ്ങളുള്ള ഒരു രാജ്യത്തിന്റെ വ്യോമതാവളങ്ങള്‍ വിജയകരമായി ആക്രമിച്ചപ്പോള്‍ ഇന്ത്യയുടെ പ്രത്യാക്രമണം ഒരു ചരിത്ര നാഴികക്കല്ലായി മാറിയെന്നും കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചു