മണലും ചെളിയും കയറി നെൽക്കൃഷി നശിച്ചു
സുൽത്താൻബത്തേരി : നൂൽപ്പുഴ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എർളോട്ടുകുന്നിൽ മണലും ചെളിയും കയറി നെൽക്കൃഷി നശിച്ചു. കറുകപ്പള്ളി മത്തായി, തേലംപറ്റ ഗംഗാധരൻ, മേലേവീട് വിലാസിനി എന്നിവരുടെ ഒന്നേമുക്കാൻ ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്. തോടു നവീകരണത്തിലെ അപാകമാണ് കൃഷിനശിക്കാൻ കാരണമെന്ന് കർഷകർ പറഞ്ഞു. തോടിന്റെ ഇരുഭാഗങ്ങളിലും നവീകരണ പ്രവൃത്തി നടത്തിയെങ്കിലും ഇടയിലുള്ള നൂറു മീറ്ററോളം ഭാഗം ഒഴിച്ചിട്ടിരുന്നു. ഇത്രയും ഭാഗത്ത് പാർശ്വഭിത്തി കെട്ടിയിരുന്നില്ല. ഈ ഭാഗത്തിലൂടെ മണലും ചെളിയും മഴ വെള്ളത്തോടൊപ്പം കുത്തിയൊലിച്ചെത്തുകയായിരുന്നു.
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മത്തായിയുടെ ഒരേക്കറിലെയും ഗംഗാധരന്റെ അരയേക്കറിലെയും വിലാസിനിയുടെ ഇരുപത് സെന്റോളം സ്ഥലത്തെ കൃഷിയുമാണ് നശിച്ചത്. വെള്ളം കയറുന്നതിന് മൂന്നാഴ്ച മുമ്പാണ് വിത്ത് വിതച്ചത്. അരയടിയോളം പൊക്കത്തിലെത്തിയ നെൽച്ചെടികളാണ് നശിച്ചത്. അധികൃതരുടെ അനാസ്ഥയാണ് കൃഷി നശിക്കാൻ കാരണമെന്നും മഴയ്ക്കു മുൻപ് തോട് നവീകരണം പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെന്നും മത്തായി പറഞ്ഞു.