പൊലീസ് ആകെ മോശമെന്ന് പറയാനാകില്ല; ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും
കണ്ണൂർ∙ തെറ്റ് ആരു ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതു പോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിനെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുന്ന നിലപാടുണ്ടാകില്ല.
പാർട്ടി സെക്രട്ടറി പറഞ്ഞതു പോലെ, തെറ്റ് ആര് പറഞ്ഞാലും തെറ്റിനോട് ഒരുതരത്തിലും സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷം കൈക്കൊള്ളുക. ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെയുള്ള പി.കെ.അൻവർ എംഎൽഎയുടെ ആരോപണത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘‘കേരള പൊലീസ് സംവിധാനം ആകെ മോശമാണെന്ന് പറയാനാകില്ല. എൽഡിഎഫ് വരുംമുൻപ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. 2016ന് മുൻപ് വർഗീയ കലാപങ്ങൾക്ക് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പൊലീസ്. പല പ്രവൃത്തികളിലും ഇടനിലക്കാരായി പൊലീസ് പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് വന്നശേഷം ജനകീയ പൊലീസിങ് സംവിധാനം നിലവിൽ വന്നു. പൊതു അംഗീകാരം പൊലീസിന് ലഭിച്ചു. തെറ്റിനെ ശരിയായ അർഥത്തിൽ വിലയിരുത്തി നല്ല നിലയിലുള്ള നിലപാട് സർക്കാർ സ്വീകരിക്കും.’’ – മന്ത്രി റിയാസ് പറഞ്ഞു.