ADGPക്കെതിരേയും നടപടി ഉണ്ടായേക്കും; ‘പി.വി. അൻവർ അധികം മിണ്ടരുത്’; ഫോർമുലയുമായി സിപിഎമ്മും സർക്കാരും
തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ഫോർമുലയുമായി സി.പി.എമ്മും സർക്കാരും. എ.ഡി.ജി.പി. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കാര്യമായ അന്വേഷണം ഉണ്ടാകും. എന്നാൽ അൻവർ ഇനി അധികം മിണ്ടരുതെന്നാണ് സിപിഎം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ മാറ്റുമെന്നും അൻവറിനെ അറിയിച്ചതായാണ് വിവരം.
അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേകാന്വേഷണ സംഘം പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഫോർമുലയിലൂടെ പ്രശ്നം പരിഹരിക്കാനൊരുങ്ങുന്നത്. അൻവർ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പോലീസുദ്യോഗസ്ഥർക്ക് മാത്രമല്ല, സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേൽക്കുന്ന തരത്തിലേക്ക് മാറുന്നത് സി.പി.എം. കരുതലോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അൻവർ ഉന്നയിക്കുന്ന കാര്യങ്ങളിൽ കൃത്യമായ ഇടപെടൽ ആവശ്യമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ നിരന്തരം അൻവർ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പരാതി രേഖാമൂലം നൽകുമ്പോൾ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന തെറ്റായ നീക്കങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന അൻവറിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ മാമിയുടെ തിരോധാനത്തിൽ സമഗ്രാന്വേഷണം ഉണ്ടാകുമെന്ന ഉറപ്പ് അൻവറിന് ലഭിച്ചതായാണ് വിവരം. സ്വർണ്ണം പൊട്ടിക്കൽ, ക്വട്ടേഷൻ അടക്കമുള്ള ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് അൻവറിനോട് സി.പി.എമ്മും സർക്കാരും അറിയിച്ചിട്ടുള്ളതെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ തെളിവുകളില്ലാത്തതിനാലും ആരോപണമായി മാത്രം നിലനില്ക്കുന്ന സാഹചര്യത്തിനാലും വിഷയത്തിൽ മുഖ്യമന്ത്രി സർക്കാർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയായി വരും എന്നതിനാലും ഇത് ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളായിരിക്കും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുക. പിവി അൻവർ പരസ്യമായി ഇത്തരം ആരോപണം ഉന്നയിക്കുന്നതിൽ നിന്ന് മിതത്വം പാലിക്കണമെന്ന നിർദേശമാണ് സി.പി.എമ്മും സർക്കാരും മുമ്പോട്ടു വെച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് മന്ത്രിസഭാ യോഗവും ഇടതുമുന്നണിയോഗവും ഉണ്ട്. ഇതിൽ കൂടുതൽ വ്യക്തത ഉണ്ടായേക്കും.