ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ശ്രീജേഷിന് സർക്കാരിന്റെ ആദരം; താരം മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ∙ ഏതൊരു കായിക താരത്തിനും മാതൃകയാക്കാവുന്ന ജീവിതമാണ് പി.ആർ.ശ്രീജേഷിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കായിക ഇനങ്ങളിലും ശ്രീജേഷിനെ പോലുള്ള താരങ്ങളുണ്ടാകണമെന്നും മികച്ച കായിക സംസ്കാരം വളർത്തിയെടുക്കാൻ മുൻ കായിക താരങ്ങൾ മുന്നിൽ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒളിംപിക്സിൽ രണ്ടാം വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരം പി.ആർ.ശ്രീജേഷിനെ സംസ്ഥാന സർക്കാർ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജേഷിന് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി കൈമാറി.
24 വർഷം മുൻപ് ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ചേരുമ്പോൾ 60 ഗ്രേസ് മാർക്ക് മാത്രമായിരുന്നു തന്റെ സ്വപ്നമെന്നു സ്വീകരണ വേദിയിലെത്തിയ കുട്ടികളോട് ശ്രീജേഷ് പറഞ്ഞു. മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അത്‌ലറ്റിക്സ് മുഖ്യപരിശീലകനായ പി.രാധാകൃഷ്ണൻ നായർക്ക് ഒളിംപിക്സ് തയാറെടുപ്പുകൾക്കായി പ്രഖ്യാപിച്ചിരുന്ന 5 ലക്ഷം രൂപയും മുഖ്യമന്ത്രി സമ്മാനിച്ചു. ഒളിംപിക്സിൽ പങ്കെടുത്ത മറ്റു 4 മലയാളി താരങ്ങൾക്കും ഈ തുക പ്രഖ്യാപിച്ചിരുന്നെങ്കിലും അവർ എത്തിയില്ല.
2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി.യു.ചിത്ര, മുഹമ്മദ് അനസ്, വി.കെ.വിസ്‌മയ, വി.നീന, കുഞ്ഞുമുഹമ്മദ് എന്നിവരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് മന്ത്രി വി.ശിവൻകുട്ടി കൈമാറി.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, കായിക വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് എന്നിവർ പ്രസംഗിച്ചു. നൂറു കണക്കിന് കുട്ടികളും കായിക താരങ്ങളും അണിനിരന്ന ഘോഷയാത്രയിൽ തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ വേദിയിലേക്ക് ആനയിച്ചത്.
∙ ഒളിംപിക് അസോസിയേഷനെ ഒഴിവാക്കിയെന്ന് ആരോപണം
തിരുവനന്തപുരം ∙ പി.ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാർ ഒരുക്കിയ സ്വീകരണ ചടങ്ങിൽ കേരള ഒളിംപിക് അസോസിയേഷനെ ഒഴിവാക്കിയെന്നു പരാതി. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഹോക്കി കേരളയുടെ പ്രസിഡന്റ് കൂടിയായിട്ടും ചടങ്ങിലേക്ക് ക്ഷണിക്കാതെ അവഗണിച്ചെന്നാണ് ആരോപണം.