ഭാവഗായകൻ 80തിന്റെ നിറവിൽ..
ശ്രീലക്ഷ്മി.എം
ആഘോഷങ്ങളില്ലാതെ ഭാവഗായകൻ പി.ജയചന്ദ്രന്റെ എൺപതാം പിറന്നാൾ തൃശ്ശൂരിലെ വീട്ടിൽ.ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വിശ്രമത്തിലാണ്.പ്രിയഗായകന് പിറന്നാൾ ആശംസനേർന്ന് ആരാധകരും മലയാള സിനിമാ- സംഗീത ലോകവും എത്തിയിട്ടുണ്ട്. കൂട്ടുകാര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പാടാനിറങ്ങുമ്പോള്‍ മതി ആഘോഷമെന്നാണ് പി ജയചന്ദ്രന്റെ തീരുമാനം.
1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി.കഥകളി, മൃദംഗം, ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.
1965ൽ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ പി ഭാസ്കരന്റെ രചനയില്‍ പിറന്ന ‘ഒരുമുല്ലപ്പൂമാലയുമായ് ’ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി ചലച്ചിത്ര ഗാന ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചു. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ.വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം ദേവരാജന്‍-പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടി. ഈ ചിത്രം 1967ല്‍ റിലീസായതോടെ ജയചന്ദ്രന്‍റെ കരിയറിലെ ആദ്യ ഹിറ്റ് ഗാനവും പിറന്നു.ഭാവസുന്ദരമായ ആലാപനശൈലി കൊണ്ട് “ഭാവഗായകൻ” എന്ന വിശേഷണവും മലയാളക്കര അദ്ദേഹത്തെ വിശേഷിച്ചപ്പോൾ
അതിലേറെ ആവേശത്തോടെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി പാട്ടിന്റെ ലോകം അദ്ദേഹത്തെ വരവേറ്റു.
“മഞ്ഞലയിൽ മുങ്ങിത്തോർത്തി” “അനുരാഗഗാനം പോലെ..”
“പിന്നെയും ഇണക്കുയിൽ ..” “കരിമുകിൽ കാട്ടിലെ..” തുടങ്ങിയ ഗാനങ്ങള്‍ കരിയറില്‍ നിര്‍ണായകമായി.അഞ്ചു ഭാഷകളിലായി 15000ലധികം ഗാനങ്ങൾ ആലപിച്ചു.പി എ ബക്കർ സംവിധാനം ചെയ്ത”നാരായണ ഗുരു” എന്ന സിനിമയിൽ ജി.ദേവരാജൻ ഈണം പകർന്ന “ശിവശങ്കര സർവ്വശരണ്യവിഭോ” എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനു ലഭിച്ചിട്ടുണ്ട്.തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായിരുന്നു.