“പി. ഭാസ്‌കരൻ – മലയാള ചലച്ചിത്ര ഗാനത്തെ നിത്യഹരിതമാക്കിയ കാവ്യ പ്രതിഭ “- ബാബു മണ്ടൂർ
നവിമുംബൈ : നാട്ടുമൊഴിച്ചന്തത്തിൻ്റെയും സൂക്ഷ്മമായ ജനകീയ കാവ്യ സംസ്കാരത്തിൻ്റെയും പാതയിലൂടെ
മലയാള ചലച്ചിത്രഗാനങ്ങളെ നിത്യഹരിതമാക്കിയ കാവ്യ പ്രതിഭയാണ് പി.ഭാസ്കരൻ മാസ്റ്ററെന്ന്
അധ്യാപകനും കവിയും കാവ്യാലാപകനുമായ ബാബു മണ്ടൂർ. നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ ഇപ്റ്റ, കേരള മുംബയ് ചാപ്റ്റർ സംഘടിപ്പിച്ച ഭാസ്കരസന്ധ്യ നയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധുരിപ്പിച്ചും വിഷാദിപ്പിച്ചും പ്രണയിപ്പിച്ചും, കണ്ണീരുനിറപ്പിച്ചും നാട്ടു മൊഴിവഴക്കത്തെ പാട്ടിലാക്കിത്തന്ന പി.ഭാസ്‌കരൻ എന്ന തൻ്റെ പ്രിയ ഗാന രചയിതാവിൻ്റെ രചനാവൈഭവത്തെ ഏറ്റവും ആസ്വാദ്യകരമായി അനുവാചക ഹൃദയങ്ങളിലേക്ക് പകർത്തുകയായിരുന്നു ” ഭാസ്‌കര സന്ധ്യ ” എന്ന സ്മരണാഞ്ജലിയിലൂടെ ബാബു മണ്ടൂർ.
സ്ഥലനാമങ്ങളിലൂടെ, സൂക്ഷ്മമായ മനോവ്യാപാര ചിത്രണത്തിലൂടെ, പ്രണയത്തിൻ്റെ മനോഹര വാങ്മയ ദൃശ്യങ്ങളാക്കിയ ഭാസ്കരൻ മാഷ് തീർത്ത പാട്ടിൻ്റെ പാലാഴിയിൽ ബാബു മണ്ടൂർ സദസ്സിനെ രണ്ടു മണിക്കൂറോളം നീരാടിച്ചപ്പോൾ ഹാളിൽ നിറഞ്ഞ മലയാളി സദസ് ,ഗൃഹാതുരത്വത്തിൻ്റെ ലഹരിയിൽ അക്ഷരാർത്ഥത്തിൽ ആറാടി. കവിതയും പാട്ടും പാട്ടിൻ്റെ പിന്നിലെ കഥകളുമായി സദസ്സും അരങ്ങും ഒന്നായി ഒഴുകുന്ന അനുഭവമായിരുന്നു അത്. പാട്ടുകൾക്ക് ഹാര്മോണിയത്തിലൂടെ പശ്ചാത്തല സംഗീതമൊരുക്കിയത് കാർത്തികേയൻ ആയിരുന്നു.
സ്മൃതി മോഹൻ, ശ്രീരാം ശ്രീകാന്ത്, അർജുൻ കേശവൻ, ജന്യ പ്രവീൺ നായർ, അശ്വിൻ നമ്പ്യാർ, എന്നിവരുടെ ആലാപനമികവിലൂടെ ‘ഭാസ്‌കര സന്ധ്യ’ വ്യതിരിക്തമായൊരു അനുഭൂതിയായി പ്രേക്ഷകർക്കുമാറി.
ഒരു ജനതയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളോട് ചേർന്നു നിന്ന് സിനിമയിലും നാടകത്തിലുമൊക്കെ ജനകീയ അഭിലാഷങ്ങളെയും ഭാവനയെയും പ്രതിഫലിപ്പിച്ച ചരിത്രമാണ് ‘ഇപ്റ്റ’യുടെത്. മുൽക് രാജ് ആനന്ദും കെ എ അബ്ബാസും കെയ്ഫി ആസ്മിയും ഒക്കെ നേതൃത്വം കൊടുത്തഈ കൂട്ടായ്മയ്ക്ക് മലയാളത്തിലും പ്രതിഫലനമുണ്ടായി. ഈ കാലത്ത്, മലയാളിയുടെ ജനകീയ ഭാവനയെ പ്രോജ്വലിപ്പിച്ച പാട്ടും സിനിമയും തീർത്ത ആളാണ് ഭാസ്കരൻ മാഷെന്ന് ഇപ്റ്റ പ്രവർത്തകർ പറഞ്ഞു. കവിതയിലൂടെയും ഗാനങ്ങളിലൂടെയും സാമാന്യജനതയുടെ തുടിപ്പും കിതപ്പുമാണ് ഭാസ്കരൻ മാഷ് കോറിയിട്ടത്. നമ്മുടെ ജനകീയ സംഗീതം പിറക്കുന്നത് അങ്ങനെ മാഷിലൂടെ കൂടിയാണ്. അതുകൊണ്ടാണ് ഭാസ്കരൻമാഷിൻ്റെ ജന്മശതാബ്ദി ആഘോഷിക്കേണ്ടത് ഇപ്റ്റയുടെ ദൗത്യമായി മാറുന്നത് .
ജി വിശ്വനാഥൻ, ഷാബു ഭാർഗ്ഗവൻ, എൻ കെ ബാബു, സുബ്രഹ്മണ്യൻ, അജിത് ശങ്കരൻ, ശ്യാംലാൽ എം, മുരളി മാട്ടുമ്മൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇപ്റ്റ കേരള മുംബൈ ഘടകം സെക്രട്ടറി പി. ആർ. സഞ്ജയ് സ്വാഗതവും പ്രസിഡണ്ട് അഡ്വ. ബിജു കോമത്ത് നന്ദിയും രേഖപ്പെടുത്തി.