അമിത ജോലി ഭാരം: ദക്ഷിണകൊറിയയില്‍ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു
സോൾ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം മനുഷ്യർ നിരന്തരം ബുദ്ധിമുട്ടുന്നതും ആത്മഹത്യ ചെയ്യുന്നതുമായ വാർത്ത മിക്കപ്പോഴും നാം കാണുന്നതാണ്. എന്നാൽ നിരന്തരം ജോലി ചെയ്യിപ്പിച്ചതിനെ തുടര്‍ന്ന് ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ നിങ്ങള്‍? ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ആത്മഹത്യ ചെയ്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടിന്റെ പ്രവര്‍ത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. മനുഷ്യരുടെ ദൈനം ദിന ജീവിതത്തില്‍ ഇതിനകം പലതരം റോബോട്ടുകള്‍ പരീക്ഷിക്കപ്പെട്ടിട്ടുള്ള ദക്ഷിണകൊറിയയില്‍ ജൂണ്‍ 26 നാണ് സംഭവം. സംഭവത്തിന് മുൻപ് റോബോട്ട് ഒന്ന് രണ്ട് വട്ടം കറങ്ങിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. റോബോട്ടിന്റെ ആത്മഹത്യ സംബന്ധിച്ചുള്ള കാരണം ഇനിയും അവ്യക്തമാണ്. റോബോട്ടിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിച്ചുകൊണ്ട് കാരണം വിശകലനം ചെയ്യുകയാണെന്ന് കമ്പനി സിറ്റി കൗൺസിലിൽ അറിയിച്ചു.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയര്‍ റോബോട്ടിക്‌സ് ആണ് ഈ റോബോട്ട് നിര്‍മിച്ചത്. റസ്‌റ്റോറന്റുകള്‍ക്ക് വേണ്ടിയുള്ള റോബോട്ടുകള്‍ നിര്‍മിച്ച് ശ്രദ്ധേയമായ കമ്പനിയാണ് ബെയര്‍ റോബോട്ടിക്‌സ്. 2023 ലാണ് ഈ റോബോട്ടിനെ ഒരു സിറ്റി കൗണ്‍സില്‍ ഓഫീസറായി തിരഞ്ഞെടുത്തത്.
ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന ഈ റോബോട്ടിന് കെട്ടിടത്തില്‍ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റില്‍ സഞ്ചരിക്കാനും കഴിവുണ്ടായിരുന്നു. റോബോട്ടിനുണ്ടായ പ്രശ്‌നം പഠിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. റോബോട്ടിന്റെ ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി. റോബോട്ടുകളെ വളരെ ആവേശത്തോടെ സ്വീകരിക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ എന്നാണ് പറയപ്പെടുന്നത്. റോബോട്ട് സൂപ്പർവൈസറുടെ വിയോഗത്തിന് പിന്നാലെ മറ്റൊരു റോബോർട്ടിനെ സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗുമി സിറ്റി കൗൺസിൽ അറിയിച്ചു