അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല

0
MB RAJESH

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിലൂടെ കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും പദ്ധതിക്ക് ലഭിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഈ നേട്ടം ചർച്ച ചെയ്യപ്പെട്ടു. പദ്ധതി ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല. 2021ല്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ഒന്നാമത്തെ തീരുമാനമാണിതെന്നും മന്ത്രി രാജേഷ് തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന് മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനത്തിനും നാളെ അഭിമാന നിമിഷമാണ്. കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ തദ്ദേശസ്ഥാപനങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ചു. അതിജീവനത്തിന് ഭക്ഷണം, ആരോഗ്യം, സുരക്ഷിത വാസസ്ഥലം, വരുമാനം ഇവയെല്ലാം ലഭ്യമല്ലാത്തവരാണ് അതിദരിദ്രര്‍. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെയും ഗുണഭോക്താക്കളായി വരാത്തവരാണവര്‍. അവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ പോലുള്ള രേഖകളും ഉണ്ടായിരിക്കില്ല. അവര്‍ക്ക് അതിജീവനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആരോടും ചോദിക്കാതെ ഒരു പ്രഖ്യാപനം നടത്തിയതല്ല. വിശദമായ മാർ​ഗരേഖയും പുറത്തിറക്കിയിരുന്നു. അത് വായിച്ചിരുന്നെങ്കില്‍ ചോദ്യങ്ങള്‍ ഉന്നയിക്കില്ലായിരുന്നു. പദ്ധതിയുടെ ക്രെഡിറ്റ് മോദിക്കാണെന്ന് ഒരു കൂട്ടർ അവകാശപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇന്ത്യയെ മുഴുവൻ അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് അവർ ഏറ്റെടുക്കാൻ തയ്യാറാകണം എന്ന് മാത്രമാണ് പറയാനുള്ളത്. ബിജെപി മറ്റ് സംസ്ഥാനങ്ങളെക്കൂടി ദാരിദ്ര്യ മുക്തമാക്കൂവെന്നും മന്ത്രി രാജേഷ് ആവശ്യപ്പെട്ടു

Spread the love

Leave a Reply

Your email address will not be published. Required fields are marked *