9 മാസത്തിനിടെ മാത്രം മരണമടഞ്ഞത് 500ൽ എറെ പേർ; നാലു തരാം തരം പകർച്ചാവ്യാധികൾ
സംസ്ഥാനത്തെ വിറപ്പിച്ച നാല് തരം പകർച്ചാവ്യാധികളിൽ ഈ വർഷം 9 മാസത്തിനിടെ (ജനുവരി- സെപ്തംബർ) മാത്രം മരണമടഞ്ഞത് 500ൽ എറെ പേർ. എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻപോക്സ് , എച്ച്1എൻ1 എന്നീ നാല് പകർച്ചാവ്യാധികളാണ് വൻ തോതിൽ വർദ്ധിക്കുന്നത്. ഇതിൽ എലിപ്പനി മാത്രം ബാധിച്ച് 273 പേരാണ് മരിച്ചത്.
ഈ മാസം ഇതുവരെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് 40 പേർ മരിച്ചു. തിരിച്ചറിയുമ്പോഴേക്കും രോഗം മാരകമാകുന്നതാണ് മരണങ്ങൾക്ക് കാരണം. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ ഉപയോഗിക്കാതിരിക്കുകയും മലിന ജലത്തിലും മറ്റും ഇറങ്ങുകയും ചെയ്യുന്നതാണ് എലിപ്പനി വ്യാപിക്കാൻ കാരണം. മലിനജലവുമായി കൂടുതൽ സമ്പർക്കമുണ്ടാകാനിടയുള്ളവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സി സൈക്ലിൻ ഗുളിക ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. കൃഷിക്കാർ, കന്നുകാലി വളർത്തുന്നവർ, അതിഥി തൊഴിലാലികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കിയയിലാണ് രോഗ വ്യാപനം കൂടുതൽ.
അതേസമയം സംസ്ഥാനത്ത് ഇക്കൊല്ലം ഡെങ്കിപ്പനി ബാധിച്ച് 109 പേരാണ് മരിച്ചത്. എച്ച്1 എൻ1 ബാധിച്ച് 60 പേരാണ് മരിച്ചത്. ഹെപ്പറ്റൈറ്റിസ് ബാധിച്ച് 71 പേരും ചിക്കൻ പോക്സ് ബാധിച്ച് 16 പേരും ഇക്കൊല്ലം മരിച്ചു. ഡെങ്കിപ്പനിയുടെ നാല് പ്രധാന വകഭേദങ്ങളാണ് കേരളത്തിൽ പടർന്നു പിടിക്കുന്നത്. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് അടുത്ത തവണ മറ്റൊരു വകഭേദമായിരിക്കും വരുന്നത് എന്നുള്ളതു കൊണ്ടുതന്നെ രോഗം ഗുരുതരമാകാനുള്ള സാദ്യതയുമുണ്ട്. നിരവധി പേർക്ക് ഇൻഫ്ലുവൻസ(ഫ്ലു) പനി ബാധിക്കാറുണ്ടെങ്കിലും മാരകമാകാറില്ല.എന്നാൽ ഹൃദയ സംബന്ധമായ രോഗങ്ങൾ, വൃക്കരോഗം, പ്രമേഹം, ആസ്തമ തുടങ്ങിയവ ഉള്ളവരിൽ ചികിത്സ വൈകുംതോറും രോഗം മാരകമാകാം. വരും മാസങ്ങളിൽ തണുപ്പ് കൂടുന്നതിനാൽ ഇൻഫ്ളുവൻസ വർദ്ധിക്കാനിടയുണ്ടെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിൽ മുണ്ടി നീരും പടരുന്നുണ്ട്.