“ഭാഷയ്ക്ക് വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിക്കപ്പെട്ട, ഊര് വിലക്കപ്പെട്ട ഒരാളാണ് നമ്മുടെ ഭാഷാപിതാവ്”- നന്ദിനി മേനോന്‍

പതിമൂന്നാം മലയാളോത്സവത്തിന് തിരശ്ശീല വീണു!
മുംബൈ: “ഭാഷ ഒരു വലിയ ജനതയുടെ സംസ്കൃതിയാണ്. ഒരു ഭാഷയ്ക്ക് വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിക്കപ്പെട്ട ഒരാള്‍, ഊര് വിലക്കപ്പെട്ട ഒരാള്‍, അതാണ് നമ്മുടെ ഭാഷാപിതാവ്. ഒരു വിപ്ലവത്തിന്റെ പാതയിലൂടെയാണ് തുഞ്ചത്ത് എഴുത്തച്ചന്‍ നമ്മുടെ മലയാളത്തെ മുന്നോട്ടു നയിച്ചത്”. മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പതിമൂന്നാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്രതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും മലയാളം മിഷന്‍ ആന്ധ്ര പ്രദേശ് ചാപ്റ്റര്‍ സെക്രട്ടറിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ നന്ദിനി മേനോന്‍.
അതിജീവനത്തിന്റെ പാതയിലൂടെയാണ് എല്ലാ ഭാഷകളും കടന്നു വന്നിട്ടള്ളതെന്നും ഗോത്രവര്‍ഗക്കാര്‍ അവരുടേത് മാത്രമായ അതിജീവനത്തിന്‍റെ ഒരു ഭാഷ രൂപപ്പെടുത്തിയിട്ടുണ്ടെന്നും സ്വന്തം സഞ്ചാരാനുഭവങ്ങളുടെ വെളിച്ചത്തില്‍ നന്ദിനി മേനോന്‍ വിശദീകരിച്ചു. മലയാളോത്സവം പോലുള്ള ബൃഹത്തായ മത്സരവേദികള്‍ മഹാനഗരത്തില്‍ ഒരുക്കുന്ന മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും മനോഹരമായ കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാരെയും കലാകാരികളെയും നന്ദിനി മേനോന്‍ പ്രശംസിക്കുകയും ചെയ്തു.
നന്ദിനി മേനോനെ വേദിയില്‍ വച്ച് സംഘാടകർ ആദരിച്ചു. മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് ആദരസൂചകമായ ഫലകം അവര്‍ക്ക് സമ്മാനിച്ചു.
ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ചുനടന്ന സമാപന സമ്മേളനത്തിൽ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡണ്ട് റീന സന്തോഷ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ സ്വാഗതമാശംസിച്ചു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പത്ത് മേഖലകളില്‍ നിന്നുള്ളവര്‍ സമാപനത്തില്‍ പങ്കെടുത്തു. മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എന്‍.ഹരിഹരന്‍ (പ്രസിഡണ്ട്, കേരളീയ കേന്ദ്ര സംഘടന) ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
മലയാളം മിഷന്‍റെ ബോധി അദ്ധ്യാപക പുരസ്കാരം (ഇന്ത്യ) നേടിയ മുംബൈ ചാപ്റ്ററിലെ നിഷ പ്രകാശിനെ വേദിയില്‍ വച്ച് മലയാള ഭാഷാ പ്രചാരണ സംഘം ആദരിച്ചു. ആദരസൂചകമായ ഫലകം മുഖ്യാതിഥി നിഷ പ്രകാശിന് സമ്മാനിച്ചു. നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നിഷ പ്രകാശ് മറുപടി പ്രസംഗം നടത്തി.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” വിശേഷാല്‍ പതിപ്പിന്‍റെ പ്രകാശനം നന്ദിനി മേനോന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കണക്കൂര്‍ ആര്‍. സുരേഷ്കുമാറിന്റെ “ദൈവികം” എന്ന നോവല്‍ വേദിയില്‍ വച്ച് മുഖ്യാതിഥി നന്ദിനി മേനോന്‍ പ്രകാശനം ചെയ്തു. ആദ്യ പ്രതി മലയാളോത്സവം കണ്‍വീനര്‍ അനില്‍പ്രകാശ് ഏറ്റുവാങ്ങി. തുളസി മണിയാര്‍ പുസ്തക പരിചയം നടത്തി. കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍ തന്‍റെ നന്ദി പ്രകടനത്തില്‍ ഒരു പ്രവാസി സാഹിത്യകാരിയെ മുഖ്യാതിഥിയായി ക്ഷണിച്ച മലയാള ഭാഷാ പ്രചാരണ സംഘത്തെ അഭിനന്ദിച്ചു.
കെ.പവിത്രന്‍ (സെക്രട്ടറി, കേരള പീപ്പ്ള്‍സ് എജുകേഷന്‍ സൊസൈറ്റി), രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍), കെ.കെ.പ്രദീപ്കുമാര്‍ (കണ്‍വീനര്‍, മലയാളോത്സവം), അനില്‍പ്രകാശ് (കണ്‍വീനര്‍, മലയാളോത്സവം), പ്രശാന്ത് രാജ് (പതിമൂന്നാം മലയാളോത്സവം സംഘാടക സമിതി കൺവീനര്‍), പി. രാമചന്ദ്രന്‍ (ട്രെഷറര്‍, മലയാള ഭാഷാ പ്രചാരണ സംഘം) എന്നിവരും വേദി പങ്കിട്ടു.
ഡിസംബര്‍ 22 ന് ഡോംബിവലി കമ്പല്‍പാടയിലെ മോഡല്‍ കോളേജില്‍ നടന്ന കേന്ദ്ര മലയാളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാര സമര്‍പ്പണവും നടന്നു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ് നില നിര്‍ത്തിയ കല്യാണ്‍-ഡോംബിവലി മേഖല ടീം അംഗങ്ങള്‍ മുഖ്യാതിഥിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി. വസായ് – വീരാര്‍ മേഖല ടീം അംഗങ്ങള്‍ റണ്ണര്‍ അപ്പ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.
വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും വര്‍ണ്ണശബളമായ കലാപരിപാടികള്‍ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി ട്രെഷറര്‍ പി. രാമചന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു. മലയാളോത്സവം കണ്‍വീനര്‍ അനില്‍പ്രകാശ് ചടങ്ങുകള്‍ നിയന്ത്രിച്ചു.