ഓസ്‌ക്കാർ : ‘അനോറ’ മികച്ച സിനിമ, അഡ്രിയന്‍ ബ്രോഡി-മൈക്കി മാഡിസണ്‍ -മികച്ച താരങ്ങൾ

0

ലോസ്ഏഞ്ചൽസ് : പ്രതിബന്ധങ്ങളെ മറികടന്ന് ഓസ്‌കര്‍ വേദിയിലെത്തിയ ഇറാനിയന്‍ ചിത്രം ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസും പിന്നണി പ്രവര്‍ത്തകരും, ചരിത്രത്തിലാദ്യമായി മികച്ച വസ്‌ത്രാലങ്കാരത്തിന് ഓസ്‌കര്‍ നേടുന്ന കറുത്തവര്‍ഗക്കാരനായ പോള്‍ ടേസ്വല്‍, ലാത്വിവിയയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യചിത്രം ഫ്ലോ, പുരസ്‌കാര ചടങ്ങുകള്‍ കാണുന്നവരെ ഹിന്ദിയില്‍ അഭിവാദ്യം ചെയ്‌ത് അവതാരകന്‍ കോനല്‍ ഒബ്രിയന്‍, ട്രംപിന്‍റെ കുടിയേറ്റ നയത്തെ വേദിയില്‍ പരോക്ഷമായി വിമര്‍ശിച്ച് നടി സോയി സാല്‍ഡാന… 97-ാമത് ഓസ്‌കര്‍ വേദി വ്യതിരിക്തമായി മാറുന്നത് ഇതൊക്കെ കൊണ്ടാണ്.

അതേസമയം, ഇത്തവണത്തെ ഓസ്‌കറില്‍ തിളങ്ങി അനോറ. സ്വന്തമാക്കിയത് മികച്ച ചിത്രമടക്കം 5 പുരസ്‌കാരങ്ങള്‍. മികച്ച നടനായി അഡ്രിയന്‍ ബ്രോഡിയെയാണ് തെരഞ്ഞെടുത്തത്. ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്തിലെ അഭിനയത്തിനാണ് അഡ്രിയന്‍ പുരസ്‌കാരം നേടിയത്. അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അനോറയുടെ സംവിധായകന്‍ ഷോണ്‍ ബേക്കറാണ് മികച്ച സംവിധായകന്‍.

ഇന്ത്യൻ പ്രതീക്ഷയായിരുന്ന ഷോർട് ഫിലിം ‘അനുജ ‘യ്ക്ക് പുരസ്‌ക്കാരങ്ങൾ ഒന്നും ലഭിച്ചില്ല

കീറന്‍ കള്‍ക്കിന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. എ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കീറന്‍ പുരസ്‌കാരം നേടിയത്. നാടകങ്ങളിലൂടെ സിനിമാ രംഗത്തെത്തിയ അദ്ദേഹം മുന്‍പ് നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്.

സോയി സാല്‍ഡാനയാണ് മിച്ച സഹനടി. എമിലിയ പെരസ് ആണ് ചിത്രം. പുരസ്‌കാരം സ്വീകരിച്ച ശേഷം താരം നടത്തിയ പ്രതികരണം സദസില്‍ കയ്യടി നേടി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു സോയിയുടെ പ്രസംഗം.

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചലച്ചിത്രമായി ഫ്ലോ തെരഞ്ഞെടുക്കപ്പെട്ടു. ലാത്വിവിയയില്‍ നിന്ന് ആദ്യമായി ഓസ്‌കര്‍ നേടുന്ന ചിത്രമാണ് ഫ്ലോ. അതേസമയം മികച്ച ആനിമേറ്റഡ് ഷോര്‍ട്‌ ഫിലിം ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസ് എന്ന ഇറാനിയന്‍ ചിത്രമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *