ഈസ്റ്ററിന്റെ വരവറിയിച്ച് ഇന്ന് ഓശാന തിരുനാൾ

0

ഇന്ന് ഓശാന തിരുനാൾ. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന തിരുനാൾ ആഘോഷിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കുരുത്തോല വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് പോയതിന്റെ ഓർമ പുതുക്കിയാണ് ക്രൈസ്തവർ ഓശാന ആഘോഷിക്കുന്നത്.

പാളയം സെൻറ് ജോസഫ്‌സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യ കാർമികത്വം വഹിക്കും. പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ബസേലിയോസ് ക്ലിമിസ് കതോലിക്ക ബാവ നേതൃത്വം നൽകും. സെൻറ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കുന്ന പ്രാർത്ഥനകൾക്ക് കറുകേൽ കോർ എപ്പിസ്‌ക്കോപയും നേതൃത്വം നൽകും.

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. ഇന്ന് വാഴ്‌ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക്​ വിതരണം ചെയ്യും. ഇതുമായാകും വീടുകളിലേക്കുള്ള ഇവരുടെ മടക്കം. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദേവാലയങ്ങൾ കൂടുതൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ്​ സഭ നേതൃത്വങ്ങൾ.

ഓശാന ഞായർ മുതൽ ഉയർപ്പ് ദിവസം വരെയുള്ള ഒരാഴ്ചക്കാലം ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും ഉണ്ടായിരിക്കും.അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻറെ ഉയിർത്തെഴുന്നേൽപിൻറെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ ഇത്​ പൂർത്തിയാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *