കൃത്യമായി കണക്കുകൾ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും: ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: വയനാട് ദുരിതാശ്വാസം വൈകുന്നതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട് ചിലവഴിക്കാൻ തയ്യാറാകുന്നില്ലെന്ന് ഗവർണർ വിമർശിച്ചു. ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ വാദങ്ങൾ ശരിയല്ലെന്നും മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം, വയനാട്ടിൽ അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തോട് മാത്രം എന്തുകൊണ്ടാണ് കേന്ദ്രത്തിന് ഈ സമീപനമെന്നും മന്ത്രി ചോദിച്ചു. കേന്ദ്രത്തിന്റേത് ദുരന്ത സമീപനമാണ്. കേരളത്തിന്റെ ആവശ്യങ്ങളിൽ ഇനിയും ആലോചിക്കുന്നു എന്നാണ് കേന്ദ്രം പറയുന്നത്. ഇനിയും എത്ര നാൾ കാത്തിരിക്കണം. മറ്റ് സംസ്ഥാനങ്ങൾക് കൊടുത്ത സഹായം കേരളത്തിന് എന്തുകൊണ്ടില്ല എന്ന് കോടതി തന്നെ ചോദിച്ചില്ലേ എന്നും കെ രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോടതിയിൽ സർക്കാരിന് പ്രതീക്ഷയുണ്ട്. സുപ്രീംകോടതി തന്നെ ഇത്തരം ഘട്ടങ്ങളിൽ കേന്ദ്രം എങ്ങനെ പെരുമാറണം എന്ന് പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഫെഡറൽ സംവിധാനത്തിന് ചേർന്ന നടപടിയല്ല കേന്ദ്രത്തിന്റേത്. ചൂരൽമലക്കാരുടെ മനസിൽ കേന്ദ്രത്തിന് ഇപ്പോൾ സംരംക്ഷകരുടെ രൂപമല്ലെന്നും മന്ത്രി കൂട്ടിചേർത്തു