അവയവദാനം അറിഞ്ഞിരിക്കേണ്ടെതെല്ലാം

0

അവയവദാനം


മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്‌ഥാ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീര്‍ന്നു. അനേകം രോഗങ്ങള്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള കേടിപാടുകള്‍ വരുത്തി തീര്‍ത്തു. രോഗങ്ങളുടെ ചികിത്സാരീതികളും ആധുനിക യുഗത്തില്‍ അതിനൂതനമായി തീര്‍ന്നു. ശസ്രക്രിയയുടെയും അനസീഷ്യയുടെയും ചികിത്സാശാഖകളിലുണ്ടായ പുരോഗതിയും നൂതനമായ പല മരുന്നുകളും അവയവം മാറ്റിവയ്‌ക്കല്‍ എന്ന ആധുനിക ചികിത്സാസമ്പ്രദായത്തെ ഒരു പുതിയ ശാഖയായി തന്നെ വളര്‍ത്തി എടുത്തു. ഇന്നു നാം കാണുന്ന പല രോഗങ്ങള്‍ക്കും അവയവമാറ്റിവയ്‌ക്കല്‍ ചികിത്സയിലൂടെ ഏകദേശം ശാശ്വതമായ സൗഖ്യം നേടിയെടുക്കാന്‍ ആധുനിക വൈദ്യശാസ്രത്തിനു സാധിക്കുന്നു. വൈദ്യശാസ്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യം കൂടെ ചേര്‍ത്തു വച്ചു മാത്രമേ അവയവമാറ്റിവയ്‌ക്കല്‍ സാധ്യകാവുകയുള്ളൂ. അവയവമാറ്റിവയ്‌ക്കല്‍ സാധ്യമാവണമെങ്കില്‍ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യന്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ. ഏതൊക്കെ

അവയവം മാറ്റി വയ്‌ക്കാം

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ കാരണമുള്ള കേട്‌ പലപ്പോഴും മരുന്നു കൊണ്ടോ ശസ്രക്രിയ കൊണ്ടോ പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല. ശരീരത്തിലെ പല അവയവങ്ങളും – വൃക്ക, കരള്‍, ശ്വാസകോശം,ഹൃദയം, ചെറുകുടല്‍, ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്‌)- തുടങ്ങിയവ വിവിധ തരത്തിലുള്ള രോഗങ്ങളാല്‍ ഇപ്രകാരം കേട്‌ സംഭവിക്കാന്‍ സാധ്യതയുള്ളതാണ്‌. ഇതില്‍ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാല്‍ തക്ക സമയത്ത്‌ ചികിത്സിച്ചില്ലെങ്കില്‍ മരണകാരണം ആയിത്തീരാവുന്നതാണ്‌. ഈ സാഹചര്യത്തില്‍ അവയവം മാറ്റി വയ്‌ക്കല്‍ ആണ്‌ പലപ്പോഴും സാധ്യയമായ ഒരേ ഒരു വഴി. താഴെ പറയുന്ന അവയവങ്ങളാണ്‌ ഇപ്രകാരം മാറ്റി വയ്‌ക്കാന്‍ സാധ്യയമായവ – വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം. സാഹചര്യങ്ങള്‍ക്കനുകൂലമായി മാറ്റി വയ്‌ക്കാന്‍ സാധ്യമായ മറ്റു അവയവങ്ങള്‍ ഇവയാണ്‌ – കണ്ണുകള്‍ (കോര്‍ണ്ണിയ എന്ന നേത്രപടലം), ത്വക്ക്‌, പാന്‍ക്രിയാസ്‌, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, ചില അസ്‌ഥികള്‍, രകക്കുഴലുകള്‍, ചെവിക്കുള്ളിലെ അസ്‌ഥികള്‍, തരുണാസ്‌ഥി തുടങ്ങി ശരീരത്തിലെ 23-ഓളം അവയവങ്ങള്‍ ദാനം ചെയ്യാന്‍ പറ്റാവുന്നതാണ്‌.

അവയവങ്ങള്‍ എവിടെ നിന്നു ലഭിക്കും

അവയവമാറ്റിവയ്‌ക്കല്‍ ചികിത്സാരീതി ഇന്നു നേരിടുന്ന ഏറ്റവും വലിയ കടമ്പ അവയവങ്ങളുടെ ദൗര്‍ലഭ്യമാണ്‌. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കാര്‍ക്ക്‌ ദാനം ചെയ്യാമെങ്കിലും, മറ്റു പല അവയവങ്ങള്‍ – ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്‌, കണ്ണ്‌ തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ. നമ്മുടെ രാജ്യത്ത്‌ ഇന്നു നടക്കുന്ന വൃക്കമാറ്റിവയ്‌ക്കല്‍ ശസ്രക്രിയയുടെ കാര്യമെടുത്താല്‍ ബഹുഭൂരിപക്ഷവും ജീവനുള്ള ദാതാക്കളില്‍ നിന്നാണ്‌. വൃക്കമാറ്റിവയ്‌ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും, നടക്കുന്ന ശസ്രക്രിയയുടെ എണ്ണവും തമ്മിലുള്ള അന്തരവും വലുതാണ്‌. ഈ പശ്‌ചാത്തലത്തിലാണ്‌ മരണാനന്തര അവയവദാനത്തിനുള്ള പ്രസക്‌തി പ്രകടമാവുന്നത്‌. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ തന്നെ വൃക്ക മാറ്റിവയ്‌ക്കലിനായി അനേകായിരങ്ങള്‍ കാത്തിരിക്കുമ്പോള്‍, നടക്കുന്നത്‌ പ്രതിവര്‍ഷം ശരാശരി 500 ശസ്രക്രിയ മാത്രം. ദാതാവിനെ ലഭിക്കാതെയും, ചികിത്സയ്‌ക്കു പണമില്ലാതെയും മരണത്തിനു കീഴടങ്ങുന്നവരും അനേകം. പാശ്‌ചാത്യരാജ്യങ്ങളില്‍ അമേരിക്ക പോലുള്ള അവയവ മാറ്റി വയ്‌ക്കല്‍ ചികിത്സാശാഖ വികസിച്ച പല രാജ്യങ്ങളിലും ബഹുഭൂരിപക്ഷം അവയവമാറ്റിവയ്‌ക്കലും നടക്കുന്നത്‌ മരണാനന്തരദാനത്തിലൂടെയാണ്‌. ഓരോ രാജ്യത്തും അവയവമാറ്റിവയ്‌ക്കലും മരണാനന്തരദാനവും സംബന്ധിച്ച്‌ നിയമങ്ങള്‍ നിലവിലുണ്ട്‌.

ആര്‍ക്കൊക്കെ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാം

ശിശുക്കള്‍ മുതല്‍ വൃദ്ധരായവര്‍ വരെ ഏതൊരു വ്യക്‌തിക്കും പ്രായഭേദമെന്യേ പ്രസക്‌തമായ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്‌. സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്‌ക്കാന്‍ തിരഞ്ഞെടുക്കപ്പെടാറില്ല. ഇന്നത്തെ കാലഘട്ടത്തില്‍ വളരെ അധികം ആള്‍ക്കാരെ ബാധിച്ചിരിക്കുന്ന ജീവിതശൈലി രോഗങ്ങളാണ്‌ പ്രമേഹം, രക്‌താതിമര്‍ദ്ദം മുതലായവ. ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌ എല്ലാ അവയവവും ദാനം ചെയ്യാന്‍ സാധ്യമായില്ല എങ്കിലും ദാനം ചെയ്യാന്‍ സാധ്യമായ പലഅവയവങ്ങളും ഉണ്ട്‌. പഴകിയ പ്രമേഹവും രക്‌താതിമര്‍ദ്ദവും ഉള്ളവരുടെ വൃക്കകള്‍, ഹൃദയം മുതലായവ ദാനം ചെയ്യാന്‍ യോജിച്ചതായിരിക്കില്ല. എന്നാലും കരള്‍, ശ്വാസകോശം മുതലായവ ആരോഗ്യമുള്ളവയാണെങ്കില്‍ മാറ്റിവയ്‌ക്കലിനായി ഉപയോഗപ്പെടുത്താവുന്നതാണ്‌. അവയവദാനം സാധ്യമാകുന്ന സാഹചര്യമുണ്ടായാല്‍ ഏതൊക്കെ അവയവം പ്രയോജനപ്പെടുത്താമെന്ന്‌ അതുമായി ബന്ധപ്പെട്ട ഡോക്‌ടര്‍മാരുടെ സംഘം തീരുമാനിക്കുന്നതാണ്‌.

മരണാനന്തര അവയവദാനം

മരണാനന്തര അവയവദാനത്തെക്കുറിച്ച്‌ സാധാരണക്കാരന്‌ അപൂര്‍ണ്ണമായ അറിവേ ഉണ്ടാവുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന സജ്‌ജമായിരിക്കണമെങ്കില്‍ അതിലൂടെയുള്ള രക്‌തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്‌തയോട്ടം നിലച്ച അവസ്‌ഥയില്‍ പുറത്തെടുക്കുന്ന അവയവങ്ങള്‍ പ്രയോജനരഹിതമാവാനാണ്‌ സാധ്യത. കണ്ണുകള്‍, ഹൃദയവാല്‍വുകള്‍ തുടങ്ങിയ അവയവങ്ങള്‍ മരണശേഷവും പരിമിതമായ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്‌ ഉപയോഗിക്കാവുന്നതാണ്‌. നേത്രദാനം വീടുകളില്‍ വച്ചു മരണം സംഭവിക്കുന്നവര്‍ക്ക്‌ പോലും സാധ്യമാണ്‌. അതു വഴി രണ്ട്‌ പേരുടെ എങ്കിലും ജീവിതത്തിലേക്ക്‌ വെളിച്ചം പകരാന്‍ സാധിക്കുന്നതുമാണ്‌. പക്ഷെ ആന്തരിക അവയവങ്ങള്‍ മാറ്റി വയ്‌ക്കണം എങ്കില്‍ ജീവനോടുള്ള അവസ്‌ഥയില്‍ ദാതാവില്‍ നിന്നും അവ നീക്കം ചെയേ്േണ്ടതാണ്‌. ഈ സാഹചര്യത്തിലാണ്‌ മസ്‌തിഷ്‌കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്‌. വിവിധ കാരണങ്ങളാല്‍ (പരുക്ക്‌, രക്‌തസ്രാവം, ചില മസ്‌തിഷ്‌ക ട്യൂമര്‍) മസ്‌തിഷ്‌കത്തിന്‌ ഏല്‍ക്കുന്ന

ഏറ്റവും ഗുരുതരമായ രോഗാവസ്‌ഥയാണ്‌ മസ്‌തിഷ്‌കമരണം. ‘കോമ’-യും കടന്നുള്ള അവസ്‌ഥ, അതായത്‌, തിരിച്ചുവരവ്‌ സാധിക്കാത്ത രീതിയില്‍ മസ്‌തിഷ്‌കത്തിന്‌ കേട്‌ സംഭവിച്ച്‌ നിര്‍ജീവമാകുന്ന അവസ്‌ഥയ്‌ക്കാണ്‌ മസ്‌തിഷ്‌കമരണം എന്നു പറയുന്നത്‌. മസ്‌തിഷ്‌കമരണം സ്‌ഥിരീകരിക്കുന്നതിന്‌ വിവിധ തരത്തിലുള്ള ടെസ്‌റ്റുകള്‍ നിലവിലുണ്ട്‌. മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചതിനു ശേഷം ഇതു വരെ ആരും ജീവിതത്തിലേക്ക്‌ തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്‌ഥയിലാണ്‌ അവയവദാനം സാധ്യമാകുന്നത്‌. ഹൃദയമിടിപ്പ്‌ നിലച്ച്‌ പൂര്‍ണ്ണമായി മരണം സംഭവിച്ചാല്‍ അവയവദാനം സാധ്യമാവുകയില്ല. മരണശേഷം മറ്റാര്‍ക്കും പ്രയോജനപ്പെടാതെ ജീര്‍ണ്ണിച്ചു പോകുന്ന അവയവങ്ങള്‍ മൂലം ഒരാള്‍ക്ക്‌ തന്നെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ അവയവദാനത്തിലൂടെ സാധിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *