അവയവ കടത്ത് കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ
കൊച്ചി: അവയവ കടത്ത് കേസിലെ മുഖ്യപ്രതി ഹൈദരാബാദിൽ പോലീസ് പിടിയിലായി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെ ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. ഹൈദരാബാദും ബാംഗ്ലൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ പിടിയിലായ പ്രധാന പ്രതിയെ ആലുവയിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെയും രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ നാല് പ്രതികളുണ്ടെന്ന് സംശയിക്കുന്ന കേസിൽ ഇനി ഒരാളെ മാത്രമാണ് പിടികൂടാൻ ഉള്ളത്. കൊച്ചി സ്വദേശിയായ മധു എന്ന വ്യക്തിയെ മാത്രമാണ് ഇനി പിടികൂടാൻ ഉള്ളത്. നാലാമത്തെ പ്രതിയായി പോലീസ് കരുതുന്ന മധു നിലവിൽ ഇറാനിലാണ് ഉള്ളത്. ഇയാളെ കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സബിത് നാസർ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ആളുകളെ വിദേശത്തേക്ക് കടത്തിയിരുന്നത്. സജിത്ത് എന്ന വ്യക്തിയാണ് അവയവ കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത്. ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണ് അവയവ കടത്തിന്റെ ഭാഗമായി വിദേശത്തേക്ക് കടത്തിയവരിൽ ഭൂരിഭാഗവും എന്ന് നേരത്തെ അറസ്റ്റിലായ സബിത് നാസർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു