ആനകളുടെ 50 മീ. ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് വനംമന്ത്രി
തൃശ്ശൂർ: പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ വനംവകുപ്പിന്‍റെ സർക്കുലറിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിൻലിക്കാന്‍ തീരുമാനം. ആനകളുടെ 50 മീറ്റർ ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന നിര്‍ദ്ദേശമായിരുന്നു വിവാദമയത്. ഇതിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തിയിരുന്നു.തുടർന്ന് പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനംമന്ത്രി അറിയിച്ചു. വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി.
ആനകളുടെ 50 മീ. ചുറ്റളവിൽ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദത്തിന് തിരികൊളുത്തിയത്. കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കുലർ എന്നാണ് വിശദീകരണം. എന്നാൽ ഇത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നത്.
പൂരത്തിന് എഴുന്നെള്ളിക്കാനുള്ള ആനകളും പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദശമുണ്ട്. ആരോഗ്യ പ്രശനവും മദപ്പാടുള്ളതുമായ ആനകളെ ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. സർക്കുലറിലെ ഇളവ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചൊവ്വാചയ്ക്കുള്ളിൽ അറിയിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.