അമിത്ഷായുടെ അംബേദ്ക്കർ പരാമർശ0 /സഭയ്ക്ക് അകവും പുറവും പ്രക്ഷുബ്ദ൦ !
ന്യുഡൽഹി ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ലോകസഭയിലെ നടപടികളെ ഇന്നും തടസപ്പെടുത്തി. സഭയുടെ പരിസരത്ത് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ഉന്തും തള്ളിലേക്കുമത് വഴിമാറി.. തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഇരുസഭകളും വീണ്ടും ചേരും. ശീതകാല സമ്മേളനത്തിലെ അവസാന ദിനമായ നാളെ മുന്‍നിശ്ചയിച്ച ചര്‍ച്ചകള്‍ നടക്കും.
പാര്‍ലമെന്‍റിനകത്തെ നടപടികളെക്കാള്‍ സംഭവ ബഹുലമായിരുന്നു ഇന്ന് പാര്‍ലമെന്‍റിന് പുറത്ത് അരങ്ങേറിയ രംഗങ്ങള്‍. അംബേദ്ക്കര്‍ വിഷയത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രത്യേകം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഇത് പാര്‍ലമെന്‍റിനുപുറത്ത് പരസ്പ്പരം അഭിമുഖമായി എത്തുകയും ഉന്തിലും തള്ളിലേക്കും വഴി വയ്ക്കുകയുമുണ്ടായി. ഇതില്‍ ബിജെപി അംഗങ്ങളായ പ്രതാപ് സാരംഗിക്കും മുകേഷ് രജപുതിനും പരിക്കേറ്റു.ഇരുവരെയും രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ഗാന്ധി തള്ളിയിട്ടാണ് തനിക്ക് പരിക്കേറ്റതെന്ന് സാരംഗി ആരോപിച്ചു. എന്നാല്‍ പാര്‍ലമെന്‍റിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ തന്നെ തടയുകയും ഭീഷണിപ്പെടുത്തുകയും തള്ളിയിടുകയുമായിരുന്നെന്ന് രാഹുല്‍ പ്രതികരിച്ചു.
ഇതിനിടെ രാഹുല്‍ തന്നെ അപമാനിച്ചെന്ന ആരോപണവുമായി നാഗാലാന്‍ഡില്‍ നിന്നുള്ള അംഗം ഫാഗ് ന്യോഗ് കന്യാക് രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ ആരോപിച്ചു. ബിജെപി എംപിമാര്‍ തന്നെ പടിക്കെട്ടില്‍ വച്ച് തള്ളിയിട്ടെന്ന് ആരോപിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭാ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. താന്‍ പാര്‍ലമെന്‍റില്‍ പ്രവേശിക്കുന്നത് തടയാനും അവര്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.
ബി ആര്‍ അംബേദ്‌കര്‍ സാധാരണയായി ധരിച്ചിരുന്ന നീലനിറത്തിലുള്ള വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് ഇന്ത്യാ സഖ്യ അംഗങ്ങള്‍ ഇന്ന് സഭയിലെത്തിയത്. ഭരണഘടനാ ശില്‍പിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്‌താവനകളില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തി. അതേസമയം കോണ്‍ഗ്രസ് അംബേദ്‌കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ അംഗങ്ങളുടെ പ്രതിഷേധ മാര്‍ച്ച്.
പ്രതാപ് സാരംഗിക്കെതിരെ നടന്ന അതിക്രമങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപിമാരായ സ്വരാജും അനുരാഗ് ഠാക്കൂറും പാര്‍ലമെന്‍റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. രണ്ട് അംഗങ്ങള്‍ക്കും തലയ്ക്കാണ് പരിക്കേറ്റതെന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അജയ് ശുക്ല പറഞ്ഞു. ഇരുവരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചു.
സാരംഗിയുടെ മുറിവില്‍ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായെന്നും അബോധാവസ്ഥയിലേക്ക് പോയെന്നും ഡോക്‌ടര്‍ പറഞ്ഞു. പിന്നീട് ബോധം തിരിച്ച് കിട്ടി. രാഹുല്‍ പിടിച്ച് തള്ളിയ ഒരു അംഗം തന്‍റെ മേല്‍ പതിച്ചാണ് തനിക്ക് പരിക്കേറ്റതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കി ചികിത്സ തുടങ്ങിയെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.