“ഓപ്പറേഷൻ സിന്ദൂരത്തിന്‍റെ ഉദ്ദേശ്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുക”:രാഹുല്‍ ഗാന്ധി

ന്യുഡൽഹി : ഓപ്പറേഷൻ സിന്ദൂരത്തിന്‍റെ ഉദ്ദേശ്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുക എന്നതാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. “പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ രക്തത്താൽ പ്രധാനമന്ത്രിയുടെ കൈകൾ കറപിടിച്ചിരിക്കുന്നു. തന്‍റെ പ്രതിച്ഛായ സംരക്ഷിക്കാൻ അദ്ദേഹം വ്യോമസേനയെ ഉപയോഗിച്ചു” -രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചു എന്ന് വിമർശിച്ചതിന് പിന്നാലെയാണ് പ്രസംഗ ഭാഗങ്ങള്‍ നീക്കിയത്. (ചട്ടം 380 പ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തത്. സഭയിലെ ചർച്ചയില്‍ പാർലമെന്‍ററി വിരുദ്ധമോ പ്രൊഫഷണലല്ലാത്തതോ ആയി കണക്കാക്കപ്പെടുന്ന ഏതെങ്കിലും വാക്കുകളോ പ്രസ്‌താവനകളോ സ്‌പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് നീക്കം ചെയ്യാമെന്ന് ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടങ്ങളിലെ 380-ാം ചട്ടം പറയുന്നു.)
ഓപ്പറേഷൻ സിന്ദൂർ 22 മിനിറ്റ് മാത്രം നീണ്ടുനിന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചു. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശവാദം ഉന്നയിച്ചിരുന്നു. ട്രംപിനെ പരസ്യമായി കള്ളനെന്ന് വിളിക്കാൻ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുകയും ചെയ്‌തു.പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിലൂടെ നയതന്ത്ര മാനദണ്ഡങ്ങൾ അമേരിക്കൻ പ്രസിഡന്‍റ് ലംഘിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുകയുണ്ടായി.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനാണ് അസിം മുനീർ എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. ഇയാളെയാണ് ട്രംപ് വിരുന്നിന് ക്ഷണിച്ചതെന്നും എന്നാല്‍ ഇന്ത്യൻ പ്രധാനമന്ത്രി വിട്ടുനില്‍ക്കുകയായിരുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.’നിങ്ങൾ പാകിസ്ഥാനോട് എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കില്ലെന്ന് നിങ്ങൾ അവരോട് പറഞ്ഞു, സംഘർഷം രൂക്ഷമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അവരോട് പറഞ്ഞു… അതിനർഥം നിങ്ങൾക്ക് യുദ്ധം ചെയ്യാൻ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് നിങ്ങൾ പാകിസ്ഥാനോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നാണ്. പ്രതിരോധ മന്ത്രിയാണ് ഇത് പറഞ്ഞത്. അതിനർഥം ഞങ്ങൾക്ക് രാഷ്ട്രീയ ഇച്ഛാശക്തിയില്ല, ഞങ്ങൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന് ഇന്ത്യൻ സർക്കാർ പാകിസ്ഥാൻ സർക്കാരിനെ അറിയിച്ചു എന്നാണ്. കീഴടങ്ങുക, 30 മിനിറ്റിനുള്ളിൽ ഉടൻ കീഴടങ്ങുക,’ -രാഹുല്‍ ഗാന്ധി പറഞ്ഞു.