ഓപ്പറേഷൻ സിന്ദൂർ :വിദേശകാര്യ- പ്രതിരോധ മന്ത്രിമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി :വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തിയ പോരാട്ടത്തെക്കുറിച്ചും ഇരുവരും നടത്തിയ പ്രസംഗത്തെയാണ് മോദി പ്രകീർത്തിച്ചത്. ഇരുവരുടെ പ്രസംഗം ഏറെ നല്ലതായിരുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
“ഡോ. ജയശങ്കറിൻ്റെ പ്രസംഗം വളരെ മികച്ചതായിരുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകം കേട്ടു. ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിൻ്റെ വിജയത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂരിന് ഇന്ത്യൻ സായുധസേന നൽകിയ ധൈര്യത്തെക്കുറിച്ചും പറയുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിൻ്റെ പ്രസംഗവും മികവ് പുലർത്തി” മോദി എക്‌സിൽ കുറിച്ചു.അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായി ഓപ്പറേഷൻ സിന്ദൂറിലൂടെ മികച്ച പ്രവർത്തനം കാഴ്‌ചവച്ചൂവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ മൂന്നാം കക്ഷി മധ്യസ്ഥത വഹിച്ചുവെന്ന് തരത്തിലുള്ള അവകാശവാദങ്ങളെയും അദ്ദേഹം നിരാകരിച്ചു.
അമേരിക്കയുമായി സംഭാഷണങ്ങളുണ്ടായിട്ടില്ലെന്നും ഏപ്രിൽ 22 മുതൽ ജൂൺ 17 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഒരു ഫോൺ സംഭാഷണവും നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം മെയ് 9ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി.ഐക്യരാഷ്ട്രസഭയിൽ 193 രാജ്യങ്ങളുണ്ടെന്നും പാകിസ്ഥാൻ ഒഴികെ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂരിനെ എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ദീർഘകാലമായി നടത്തുന്ന അതിർത്തി കടന്നുള്ള ഭീകരതയെ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നുവെന്ന് പറഞ്ഞതോടൊപ്പം ഇന്ത്യ-പാക് ശത്രുത അവസാനിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചുവെന്ന അവകാശവാദങ്ങളെ അദ്ദേഹം നിരാകരിക്കുകയും ചെയ്‌തു.ഓപ്പറേഷൻ സിന്ദൂരിനിടെ മെയ് 10ന് പാകിസ്ഥാൻ തോൽവി സമ്മതിച്ചതായി വെളിപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മെയ് 10ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങളിൽ ശക്തമായി ആക്രമണം നടത്തിയപ്പോൾ, പാകിസ്ഥാൻ പരാജയം സമ്മതിച്ചു. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാല്‍ ഭാവിയിൽ ഈ പ്രവർത്തനം ഇനിയും പുനരാരംഭിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ ആക്രമണങ്ങൾ, നിയന്ത്രണ രേഖയിലുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ ശക്തമായ തിരിച്ചടി, നാവിക ആക്രമണ ഭയം എന്നിവ പാകിസ്ഥാനെ കീഴടങ്ങാൻ നിർബന്ധിതരാക്കി. പാകിസ്ഥാൻ്റെ ഈ പരാജയം കേവലം ഒരു പരാജയമല്ല, മറിച്ച് അവരുടെ സൈനിക ശക്തിയുടെയും മനോവീര്യത്തിൻ്റെയും പരാജയം കൂടിയായിരുന്നുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.