ഓപ്പറേഷൻ സൈഹണ്ടിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ വ്യാപക പരിശോധന
കോട്ടയം : സൈബർ തട്ടിപ്പുകാർക്ക് അക്കൌണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പിനു കുട പിടിക്കുന്ന സംഘത്തെ കണ്ടെത്താൻ ജില്ലാ പൊലീസിൻ്റെ ഓപ്പറേഷൻ സൈഹണ്ടിൻ്റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന. ജില്ലാ പോലീസ് മേധാവി എ.ഷാഹുൽഹമീദിൻ്റെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലയിൽ 30 സ്റ്റേഷനുകളിൽ സൈഹണ്ട് ഓപ്പറേഷൻ നടന്നു. ജില്ലയിലാകെ 102 ഓളം റെയ്ഡുകൾ നടന്നു. ഇതിൽ 11 സ്റ്റേഷനുകളിലായി 15 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 9 അറസ്റ്റുകൾ നടന്നു ആറു പേർക്ക് നോട്ടീസ് ഇഷ്യൂ ചെയ്യുകയും ചെയ്തിട്ടുണ്ട്. കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സൈബർ എക്സ്പേർട്ടുകളാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. കോട്ടയം വെസ്റ്റ്,ഈസ്റ്റ്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ചിങ്ങവനം, വാകത്താനം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, രാമപുരം, വൈക്കം എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
